ഞങ്ങളെത്തിയത് ജയിക്കാൻ, മെസ്സിക്കെതിരേ കളിക്കുകയെന്നത് സ്വപ്നം, ഞങ്ങൾ പോരാടും: വൊസീന്യ

മെസ്സിക്കെതിരേ കളിക്കുകയെന്നത് സ്വപ്നം, ഞങ്ങൾ പോരാടും - വൊസീന്യ

ലോസ് ആഞ്ജലീസ്: ലോകകപ്പിൽ ആരാധകർ ഉറ്റുനോക്കുന്ന നോക്കൗട്ട് മത്സരമാണ് അർജന്റീനയുടേത്. റൗണ്ട് ഓഫ് 32 ൽ കന്നിലോകകപ്പ് കളിക്കുന്ന കേപ് വെർദെയാണ് എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിൽ അപരാജിതരായ കേപ് വെർദെ ലയണൽ മെസ്സിയേയും സംഘത്തേയും എങ്ങനെ നേരിടുമെന്നറിയാനാണ് ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുന്നത്. മികച്ച പ്രകടനം നടത്തുന്ന ഗോൾകീപ്പർ വൊസീന്യയിലാണ് കേപ് വെർദെയുടെ പ്രതീക്ഷകൾ. ഇപ്പോഴിതാ മെസ്സിയും സംഘത്തേയും നേരിടുന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് വൊസീന്യ. അർജൻ്റീനയ്ക്കും ലയണൽ മെസ്സിക്കുമെതിരെ കളിക്കുകയെന്നത് ഏതൊരു ഫുട്ബോൾ കളിക്കാരൻ്റെയും സ്വപ്നമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

‘ഞങ്ങളാരും ഇതൊന്നും സ്വപ്നം കണ്ടതല്ല, പക്ഷെ ഞങ്ങൾ മികച്ച നിലവാരത്തിലാണ് ഫുട്ബോൾ കളിക്കുന്നതെന്നറിയാം. ലോകകപ്പിൽ എത്തിയപ്പോൾ, ഒരുപക്ഷേ ഞങ്ങൾ ഒരു കളി പോലും ജയിക്കില്ലെന്ന് പലരും കരുതിയിരിക്കാം. ഞങ്ങൾക്ക് മികച്ച ടീമും മികച്ച കളിക്കാരും ഉണ്ട്. അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത് സന്തോഷം നൽകുന്നു. അർജൻ്റീനയെയാണ് നേരിടേണ്ടത്. അർജൻ്റീനയ്ക്കും ലയണൽ മെസ്സിക്കുമെതിരെ കളിക്കുകയെന്നത് ഏതൊരു ഫുട്ബോൾ കളിക്കാരൻ്റെയും സ്വപ്നമാണ്.’ – വൊസീന്യ പറഞ്ഞു.

‘ഞങ്ങൾ സമനില നേടാനല്ല ഇവിടെ വന്നത്. ഞങ്ങൾ എപ്പോഴും ജയിക്കാനാണ് ശ്രമിക്കുന്നത്. അത് എളുപ്പമായിരിക്കില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. സൗദി അറേബ്യയും മികച്ച രീതിയിലാണ് കളിച്ചത്. ഇത്തരം മത്സരങ്ങൾ അവർക്ക് പരിചിതവുമാണ്. സ്കോർ ചെയ്യാൻ ഞങ്ങൾ ശ്രമിച്ചു, പക്ഷെ കഴിഞ്ഞില്ല. ഞങ്ങൾ കൂടുതൽ സമയം പന്ത് കൈവശം വെച്ചെന്നും, കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചെന്നും എല്ലാവരും കണ്ടതാണ്. ഞങ്ങൾ അഭിനന്ദനം അർഹിക്കുന്നു.’

തങ്ങൾ ഒരു ചെറിയ രാജ്യത്തിൽ നിന്ന് വരുന്നവരാണെന്നും അതേസമയം എങ്ങനെ മത്സരിക്കണമെന്ന് അറിയാമെന്നും വൊസീന്യ കൂട്ടിച്ചേർത്തു. ‘കേപ് വെർദെയുടെ കളിക്കാർക്ക് മതിയായ കഴിവില്ലെന്ന് ഒരുപക്ഷേ ഭൂരിഭാഗം ആളുകളും കരുതുന്നുണ്ടാവാം, പക്ഷെ ഞങ്ങൾക്ക് കഴിവുണ്ടെന്നും, ഞങ്ങൾ മത്സരിക്കാനാണ് ഇവിടെയുള്ളതെന്നും, ഏത് പ്രധാന മത്സരത്തിലും ഞങ്ങൾക്ക് പോരാടാൻ കഴിയുമെന്നും ഞങ്ങൾ തെളിയിച്ചിരിക്കുന്നു.

വലിയ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് ഞങ്ങൾ വളർന്നത്. ഞങ്ങളുടെ മാതാപിതാക്കളും മുത്തശ്ശിമാരും ത്യാഗം സഹിച്ചു. കേപ് വെർദെ ജനതയുടെ അതിജീവന ശേഷിയും രാജ്യത്തോടുള്ള അഭിനിവേശവും ഞങ്ങൾ കാണിച്ചുതന്നു. ലോകമെമ്പാടുമുള്ള എല്ലാ കേപ് വെർദെക്കാരെയും പ്രതിനിധീകരിക്കാനാണ് ഞങ്ങൾ ഇവിടെയുള്ളത്. ഞങ്ങൾ പോരാളികളാണ്.’ – വൊസീന്യ പറഞ്ഞു.

English Summary​In the upcoming World Cup Round of 32 clash, debutants Cape Verde are set to face Lionel Messi’s Argentina in a highly anticipated knockout match in Los Angeles. Cape Verde’s star goalkeeper Vozinha expressed his excitement, stating that playing against Argentina and Messi is a dream come true for any football player. Unbeaten in the group stage, Cape Verde counts on Vozinha’s exceptional form to challenge the former world champions, creating intense anticipation worldwide.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News