മുംബൈ: രാജ്യത്ത് നീറ്റ് പരീക്ഷാ വിവാദം പുകയുന്നതിനിടെ മഹാരാഷ്ട്രയിൽ അധ്യാപക യോഗ്യതാ പരീക്ഷയുടെ (ടിഇടി) ചോദ്യപേപ്പർ ചോർന്നു. താനെയിലെ ഭീവണ്ടിയിൽ പോലീസ് നടത്തിയ റെയ്ഡിൽ പരീക്ഷാ പേപ്പറിന്റെ ഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ ജൂൺ 28-ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത രേഖകളിലെ ചോദ്യങ്ങൾ യഥാർഥ ചോദ്യപേപ്പറുമായി സാമ്യമുള്ളതായി പരീക്ഷാ കൗൺസിൽ സ്ഥിരീകരിച്ചു. സംഭവത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ ബിജെപി സർക്കാരിനെതിരെ പ്രതിഷേധമുയരുകയാണ്.
ബിജെപി ഭരണം ‘പേപ്പർ ലീക്ക് സർക്കാർ’ ആയി മാറിയെന്ന് കോൺഗ്രസ് ആരോപിച്ചു. രാജ്യത്ത് ഇപ്പോൾ ചോരാത്ത പരീക്ഷകൾ വല്ലതും ബാക്കിയുണ്ടോ എന്ന് പ്രതിപക്ഷം ചോദിച്ചു. ഇത്തരം തട്ടിപ്പുകൾ ഉന്നതരുടെ ഒത്താശയോടെയല്ലാതെ നടക്കില്ലെന്നും ഇതിലൂടെ ലഭിക്കുന്ന പണം എംപിമാരെയും എംഎൽഎമാരെയും വിലയ്ക്കെടുക്കാനാണ് ഉപയോഗിക്കുന്നതെന്നും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്ദേയുടെ മണ്ഡലമായ താനെയിൽ പേപ്പർ ചോർന്നത് തട്ടിപ്പുകാർക്ക് ലഭിക്കുന്ന രാഷ്ട്രീയ സംരക്ഷണത്തിന്റെ തെളിവാണെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കാൽ ആരോപിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടിൽനിന്ന് സർക്കാർ പാഠം പഠിച്ചില്ലെന്നും ചെറിയ പരീക്ഷ പോലും സുരക്ഷിതമായി നടത്താൻ സർക്കാരിന് കഴിയുന്നില്ലെന്നും ശിവസേന (യുബിടി) നേതാവ് അംബാദാസ് ദൻവെ വിമർശിച്ചു.
പരീക്ഷാ പേപ്പർ ചോരുന്നത് സർക്കാരിന്റെ കഴിവുകേടാണെന്നും ഇത് ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ ദുരിതത്തിലാക്കിയെന്നും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി പറഞ്ഞു. അധ്യാപക നിയമന പരീക്ഷയും ചോർന്നതോടെ രാജ്യത്തെ ഒരു പരീക്ഷയും സുരക്ഷിതമല്ലെന്ന് വ്യക്തമായതായി എൻസിപി വക്താവ് അമോൽ മാതലെയും കൂട്ടിച്ചേർത്തു.
സംസ്ഥാനത്തുടനീളം 1,028 കേന്ദ്രങ്ങളിലായി 4.28 ലക്ഷത്തിലധികം ഉദ്യോഗാർഥികളാണ് ഇത്തവണ ടിഇടി പരീക്ഷയ്ക്കായി അപേക്ഷിച്ചിരുന്നത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ കണക്കിലെടുത്ത് കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നതായി പരീക്ഷാ കൗൺസിൽ അവകാശപ്പെട്ടെങ്കിലും ചോർച്ച തടയാനായില്ല. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാനാണ് മാറ്റിവെച്ചതെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.


