28.9 C
Kottayam
Wednesday, May 15, 2024

സമനിലക്കുരിക്കില്‍ ക്രൊയേഷ്യ,ലൂക്കോ മോഡ്രിച്ച് സംഘത്തോ’ട് പൊരുതി നോക്കി മൊറാക്കോ

Must read

ദോഹ: ഫിഫ ലോകകപ്പില്‍ നിലവിലെ റണ്ണറപ്പുകളായ ക്രോയേഷ്യയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് മൊറോക്കോ. അവസരങ്ങള്‍ ഒട്ടേറെ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ക്രോയേഷ്യക്കോ മൊറോക്കോക്കോ ആയില്ല. കളിയുടെ തുടക്കത്തില്‍ ക്രോയേഷ്യക്കായിരുന്നു ആധിപത്യമെങ്കിലും പതുക്കെ കളം പിടിച്ച മൊറോക്കോ കൗണ്ടര്‍ അറ്റാക്കുകളുമായി ക്രോയേഷ്യയെ വിറപ്പിച്ചു.

ആറാം മിനിറ്റില്‍ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ക്രോയേഷ്യ കോര്‍ണര്‍ നേടിയെങ്കിലും ഗോളിലേക്കുള്ള വഴി തുറന്നില്ല. ഒമ്പതാം മിനിറ്റിലാണ് മൊറോക്കോ ക്രോയേഷ്യന്‍ ഗോള്‍മുഖത്തേക്ക് ആദ്യം പന്തെത്തിച്ചത്. പിന്നീട് തുടര്‍ച്ചയായി ആക്രമിച്ച മൊറോക്കോ ക്രോയേഷ്യന്‍ നീക്കങ്ങളുടെ മുനയൊടിച്ചു. 22ാം മിനിറ്റില്‍ ബോക്സിന് പുറത്ത് ലൂക്ക മോഡ്രിച്ചിന്‍റെ ഫൗളില്‍ നിന്ന് മൊറോക്കോക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ മൊറോക്കോക്കായില്ല.

മൊറോക്കോയുടെ അതിവേഗത്തെ തടുക്കാന്‍ കളി മന്ദഗതിയിലാക്കി ക്രോയേഷ്യ പതുക്കെ നിയന്ത്രണം ഏറ്റെടുത്തു.  ആദ്യ പകുതിയില്‍ പലതവണ മൊറോക്കന്‍ ഗോള്‍മുഖത്ത് പന്തെത്തിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മ ക്രോയേഷ്യക്ക് തിരിച്ചടിയായി.

മറുവശത്ത് അതിവേഗ ഫുട്ബോള്‍ കളിച്ചെങ്കിലും മൊറോക്കോക്കും തുറന്ന അവസരങ്ങളൊന്നും നേടാനായില്ല. മധ്യനിരയില്‍ കളി പിടിക്കാനുള്ള ക്രോയേഷ്യന്‍ ശ്രമങ്ങളെ മൊറോക്കോ ഫലപ്രദമായി തടഞ്ഞതോടെ ക്രോയേഷ്യയുടെ താളം തെറ്റി. 64ാം മിനിറ്റില്‍ ഹാക്കിമിയുടെ ക്രോസ് ക്രൊയേഷ്യന്‍ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ഗോളൊഴിഞ്ഞു നിന്നു. 72ാം മിനിറ്റിലും 81-ാം മിനിറ്റിലും മൊറോക്കന്‍ ഗോള്‍മുഖത്ത് ലഭിച്ച ഫ്രീ കിക്ക് മുതലാക്കാന്‍ ക്രോയേഷന്‍ നായകന്‍ ലൂക്ക മോഡ്രിച്ചിനും കഴിഞ്ഞില്ല.

ഇരുടീമുകളും ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ചെങ്കിലും അറ്റാക്കിംഗ് തേര്‍ഡില്‍ ഫിനിഷിംഗിലെ പോരായ്മയും ഗോള്‍ കീപ്പര്‍മാരുടെ മികവും ഗോളൊഴിഞ്ഞു നില്‍ക്കാന്‍ കാരണമായി. 27ന് ബെല്‍ജിയവുമായാണ് മൊറോക്കോയുടെ അടുത്ത മത്സരം. അതേദിനസം നടക്കുന്ന മറ്റൊരു മത്സരത്തില്‍ കാനഡയാണ് ക്രോയേഷ്യയുടെ എതിരാളികള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week