കൊച്ചി: കളമശേരി റെയില്‍വേ ട്രാക്കില്‍ മരത്തടി കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. മരത്തടി മനഃപൂര്‍വം ട്രാക്കിലിട്ടതാണെന്ന് സംശയിക്കുന്നതായി ആര്.പി.എഫ് അറിയിച്ചു.
സൗത്ത് കളമശേരി റെയില്‍വേ മേല്‍പാലത്തിന് സമീപം ചൊവ്വാഴ്ചയാണ് ട്രാക്കില്‍ മരത്തടി കണ്ടെത്തിയത്. ഇറച്ചി കടയില്‍ ഉപയോഗിക്കുന്ന മരത്തടിയാണ് കണ്ടെത്തിയത്. ഏഴരയ്ക്ക് കടന്നുപോയ ബിലാസ്പുര്‍-എറണാകുളം ട്രെയിന്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അസ്വാഭാവികമായി കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ട്രെയിനിലെ ലോക്കോ പൈലറ്റ് വിവരം എറണാകുളം കണ്ട്രോള് റൂമില്‍ അറിയിച്ചു.
ഉടന്‍ തന്നെ ആലുവയില്‍ നിന്ന് വരുന്ന ട്രെയിനിലെ ലോക്കോ പൈലറ്റിനെ ഈ വിവരം അറിയിക്കുകയും ഇതനുസരിച്ച് ട്രെയിന്‍ നിര്‍ത്തി നടത്തിയ പരിശോധനയില്‍ തകര്‍ന്ന നിലയില്‍ തടിക്കഷ്ണം കണ്ടെത്തുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.