ഹോസ്റ്റല്‍ പൂട്ടി വാര്‍ഡന്‍ മുങ്ങി; കട്ടപ്പനയില്‍ ഡോക്ടര്‍ അടക്കമുള്ള മൂന്ന് യുവതികള്‍ കുടുങ്ങി, ഒടുവില്‍ രക്ഷകരായി പോലീസ്

കട്ടപ്പന: അടുക്കള പൂട്ടി വാര്‍ഡന്‍ മുങ്ങിയതോടെ വര്‍ക്കിങ് വുമന്‍സ് ഹോസ്റ്റലില്‍ ഡോക്ടര്‍ അടക്കമുള്ള മൂന്നു യുവതികള്‍ കുടുങ്ങി. ഹൗസിങ് ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കട്ടപ്പന വര്‍ക്കിങ് വിമെന്‍സ് ഹോസ്റ്റലിലാണ് സംഭവം. വിവാദമായതോടെ പോലീസെത്തി ഹോസ്റ്റല്‍ തുറപ്പിച്ചു.

കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍, അര്‍ബന്‍ ബാങ്ക് ജീവനക്കാരി, ചക്കുപള്ളം ആയുര്‍വേദ ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് എന്നിവരാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. ഇന്നലെ മുതല്‍ അടുക്കള പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ച വാര്‍ഡന്‍ രണ്ട് ഗേറ്റുകളും പൂട്ടി താക്കോലുമായി മടങ്ങുകയായിരുന്നു.

ഇതോടെ യുവതികള്‍ ഹോസ്റ്റലിനുള്ളില്‍ അകപ്പെട്ടു. പുറത്തുനിന്നു ഭക്ഷണം വാങ്ങാമെന്നും ആവശ്യമെങ്കില്‍ വിളിക്കാനും വാര്‍ഡന്‍ പറഞ്ഞിരുന്നു. വൈകിട്ടത്തെ ഭക്ഷണം പുറത്തുനിന്നു വരുത്താന്‍ യുവതികള്‍ തീരുമാനിച്ചെങ്കിലും ഭക്ഷണവുമായെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ക്കു പൂട്ടിയിട്ട ഗ്രില്ലിനുള്ളിലൂടെ നല്‍കാന്‍ കഴിഞ്ഞില്ല.

വാര്‍ഡനെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നു യുവതികള്‍ വീട്ടില്‍ വിവരമറിയിച്ചു. വിവരം അറിഞ്ഞ മാധ്യമപ്രവര്‍ത്തകരാണ് പോലീസിനെ അറിയിച്ചത്. പരാതിയില്ലെന്നും ഗ്രില്‍ തുറക്കാന്‍ അനുമതി മതിയെന്നും യുവതികള്‍ അറിയിച്ചതോടെ പോലീസ് കേസെടുക്കാതെ മടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News