മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കാമുകന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; കലി പൂണ്ട കാമുകി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു

ഹൈദരാബാദ്: മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്ത മുന്‍ കാമുകന്റെ മുഖത്ത് കാമുകി ആസിഡ് ഒഴിച്ചു. ആന്ധ്രാപ്രദേശിലെ കര്‍നൂര്‍ ജില്ലയിലെ പെഡ്ഡ കൊട്ടല ഗ്രാമത്തിലാണ് സംഭവം. 23കാരനായ നാഗേന്ദ്ര എന്ന യുവാവിന് നേരെയാണ് കാമുകി ആസിഡ് ആക്രമണം നടത്തിയത്. ഇയാള്‍ക്ക് ഗുരുതരമായി പരുക്ക് പറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.

മൂന്ന് വര്‍ഷത്തില്‍ ഏറെയായി നാഗേന്ദ്ര 20കാരിയായ സുപ്രിയ എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ജാതിയുടെ പേരില്‍ വിവാഹത്തിന് സമ്മതിച്ചില്ല. ഇതോടെ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. ഒരു മാസം മുമ്പ് നാഗേന്ദ്ര മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. ഈ വിവരം സുപ്രിയ അറിഞ്ഞിരുന്നില്ല.

ഒടുവില്‍ വിവാഹ വിവരം അറിഞ്ഞതോടെ നാഗേന്ദ്രയെ ആക്രമിക്കാന്‍ യുവതി പദ്ധതി ഇട്ടു. പല തവണ അക്രമിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് യുവതി ആസിഡ് ആക്രമണത്തിന് ഒരുങ്ങിയത്. യുവതിയുടെ വീടിന് സമീപത്തുകൂടി നാഗേന്ദ്ര പോയപ്പോഴാണ് ആദ്യമായി നാഗേന്ദ്രക്ക് നേരെ യുവതി ആസിഡ് ആക്രമണത്തിന് ശ്രമിച്ചത്. അന്ന് നാഗേന്ദ്ര ഇടത് തോളില്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.

പിന്നീട് യുവതിയുടെ വീടിനടുത്തുള്ള സ്പീഡ് ബ്രേക്കറില്‍ ബൈക്ക് വേഗം കുറച്ചപ്പോഴാണ് രണ്ടാമത്തെ ആക്രമണം നടന്നത്. ആദ്യത്തെ ആക്രമണത്തിനുശേഷം പരാതി നല്‍കിയില്ലെങ്കിലും രണ്ടാമത്തേതില്‍ പരാതിപ്പെടാന്‍ നാഗേന്ദ്ര തീരുമാനിക്കുകയായിരുന്നു. യുവാവിന്റെ പരാതിയില്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. പ്രണയം അവസാനിപ്പിച്ച് പിരിഞ്ഞപ്പോള്‍ യുവതിയില്‍നിന്നു വാങ്ങിയ 20,000 രൂപ തവണകളായി തിരിച്ചുനല്‍കാമെന്നു സമ്മതിച്ചിരുന്നതായും ഇയാള്‍ പോലീസിനോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News