കൊല്ലം: വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ വടക്കേവിള ഇക്ബാല്‍ നഗര്‍ കിഴക്കന്റഴികം അബ്ദുള്‍ ഹക്കീമിന്റെ മകന്‍ ഹാരിസിനെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തായത്. ഒളിവില്‍ പോയ ഇയാളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ എല്ലാം ഏറ്റു പറഞ്ഞതിനെത്തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ ഹാരിസ് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ശരിയാണെന്ന് സമ്മതിക്കുകയായിരിന്നു. റംസി ഗര്‍ഭിണിയായിരുന്നുവെന്നും ബംഗളുരുവില്‍ വച്ചാണ് ഗര്‍ഭച്ഛിദ്രം നടത്തിയതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. വാഗമണ്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒരുമിച്ച് യാത്ര ചെയ്തതും ഹോട്ടല്‍ മുറിയില്‍ തങ്ങിയതുമെല്ലാം ഇയാള്‍ പോലീസിനു മുമ്പില്‍ തുറന്നു പറഞ്ഞു.
കൊട്ടിയം സ്വദേശി റംസി(24) യെ ആണ് വ്യാഴാഴ്ച വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നതാണ്. മകളുടെ മരണത്തിനു കാരണം വിവാഹത്തില്‍ നിന്നു യുവാവ് പിന്‍മാറിയതാണെന്നു റംസിയുടെ രക്ഷിതാക്കള്‍ കൊട്ടിയം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണു പോലീസ് അന്വേഷണം തുടങ്ങിയത്.
ഇരുവരുടെയും ഫോണ്‍ കോള്‍ രേഖകളും പരിശോധിച്ചു. സംഭവത്തില്‍ പ്രമുഖ സീരിയല്‍ നടിയുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ റംസിയുടെ മൃതദേഹം കണ്ടത്.
ഹാരിസുമായുള്ള റംസിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായി വീട്ടുകാര്‍ പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. വളയിടല്‍ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത് റംസിയെ തളര്‍ത്തിയിരുന്നതായി വീട്ടുകാര്‍ പറയുന്നു. വര്‍ക്ക്ഷോപ്പ് തുടങ്ങാന്‍ എന്നു പറഞ്ഞ് പലപ്പോഴായി റംസിയുടെ കുടുംബത്തില്‍ നിന്ന് ഇയാള്‍ അഞ്ച് ലക്ഷത്തോളം രൂപ കൈപറ്റിയിരുന്നതായും അടുത്തിടെ മറ്റൊരു വിവാഹത്തിനു തയാറെടുത്തിരുന്നതായും റംസിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.
പ്രമുഖ സീരിയല്‍ നടിയുടെ ഭര്‍തൃ സഹോദരനാണ് ഹാരിസ്. റംസി മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹാരിസിന്റെ അമ്മയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഹാരിസിനൊപ്പം ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ ഞാന്‍ പോകുമെന്ന് റംസി പറയുന്നത് സംഭാഷണങ്ങളില്‍ വ്യക്തമായിരുന്നു.