അഞ്ചു വയസുകാരനായ മകനെ ശരീരത്തില്‍ കെട്ടിവെച്ച ശേഷം യുവതി പുഴയില്‍ ചാടി
മലയിന്‍കീഴ്: അഞ്ച് വയസുകാരനായ മകനെ ശരീത്തില്‍ കെട്ടിവെച്ച ശേഷം യുവതി പുഴയില്‍ ചാടി. നിറഞ്ഞൊഴുകിയ പുഴയില്‍ നിന്നും ഇരുവരെയും ആറു യുവാക്കള്‍ ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിളപ്പില്‍ശാല സ്വദേശിനിയായ 25 വയസ്സുള്ള യുവതിയും മകനും അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. കരമന ആറ്റിലെ തീരത്തുള്ള മങ്കാട്ടുകടവ് പമ്പ് ഹൗസിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ് സംഭവം.
പമ്പ് ഹൗസ് ജീവനക്കാരായ മംഗല്‍ പ്രിയനും സജിത്തും സുഹൃത്തുക്കളായ വിളവൂര്‍ക്കല്‍ പെരുകാവ് സ്വദേശി അനിക്കുട്ടന്‍, സജി, പ്രവീണ്‍, അഭിലാഷ് എന്നിവരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു കുട്ടി ആറ്റിലൂടെ കൈകാലുകള്‍ അടിച്ച് ഒഴുകി വരുന്നത് ഇവരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ അനിക്കുട്ടന്‍ ആറ്റിലേക്ക് ചാടി കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. നീന്തി കുട്ടിയുടെ അടുത്ത് എത്തിയപ്പോഴാണു യുവതിയും കൂടെ ഉള്ളത് അറിയുന്നത്. ഇരുവരെയും ഒരുമിച്ച് കരയ്‌ക്കെത്തിക്കുക ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ യുവതി ശരീരത്തോടു ചേര്‍ത്ത് തുണി കൊണ്ട് കെട്ടിയിരുന്ന കുട്ടിയെ വേര്‍പ്പെടുത്താന്‍ വെള്ളത്തില്‍ വച്ചു തന്നെ ശ്രമം നടത്തി. പീന്നീട് കുട്ടിയേയും അമ്മയേയും കരക്കെത്തിക്കുകയായിരിന്നു.