രണ്ടു മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചു

ആലത്തൂര്‍: രണ്ടു മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. കുഴല്‍മന്ദം മാത്തൂര്‍ പല്ലഞ്ചാത്തനൂര്‍ കേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി(25)യെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചു വയസായ മകന്‍ ആഗ്നേഷിനെ തൊട്ടടുത്ത കിടപ്പുമുറിയിലും അഞ്ചുമാസം പ്രായമുള്ള മകള്‍ ആഗ്നേയലെ പൂമുഖത്ത് തുണി തൊട്ടിലിലും മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

കൂലിപ്പണിക്കാരനായ മഹേഷ് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് മുന്‍വശത്തെ കിടപ്പുമുറിയില്‍ മകന്‍ ആഗ്നേഷ് കട്ടിലില്‍ കമിഴ്ന്നു കിടക്കുന്നത് കണ്ടത്. ഇളയ കുഞ്ഞ് പൂമുഖത്തെ തുണി തൊട്ടിലിലും കിടക്കുന്നത് കണ്ടു. ഭാര്യയെ വിളിച്ച് വീടിനു ചുറ്റും നടന്നെങ്കിലും കണ്ടില്ല.

വീണ്ടും അകത്തുചെന്ന് മകനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മകന്റെ വായയില്‍നിന്ന് നുരയും പതയും വരുന്നത് കാണുന്നത്. ഉടന്‍ പുറത്തിറങ്ങി ബഹളംവച്ച് ആളുകളെ വിളിച്ചുകൂട്ടി. തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന മഹേഷിന്റ അമ്മയും ബഹളം കേട്ട് മഹേഷിന്റെ വീട്ടിനുള്ളിലേക്ക് വന്നു.

തുടര്‍നന് കൃഷ്ണകുമാരിയെ തെരഞ്ഞപ്പോഴാണ് വീട്ടിനകത്തെ മറ്റൊരു കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനെ ശ്രദ്ധിച്ചപ്പോള്‍ കുഞ്ഞ് അനക്കമില്ലാതെ കിടക്കുകയായിരുന്നു. ആ കുഞ്ഞിന്റെ വായയില്‍ നിന്നു നുരയും പതയും വന്നിട്ടുണ്ടായിരുന്നു. ഉടനെ രണ്ടു കുഞ്ഞുങ്ങളേയും ഓട്ടോറിക്ഷയില്‍ കുഴല്‍മന്ദം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലത്തൂര്‍ കാവശേരിയിലാണ് കൃഷ്ണകുമാരിയുടെ വീട്.

മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ കുട്ടികളുടെ മരണകാരണം വ്യക്തമായി പറയാന്‍ കഴിയുവെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News