ഭര്‍തൃവീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതി മുങ്ങി മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

കൊടുങ്ങല്ലൂര്‍: യുവതിയെ ഭര്‍തൃഗൃഹത്തിലെ വാട്ടര്‍ ടാങ്കില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു കുടുംബം. അഴീക്കോട് പുത്തന്‍പള്ളി എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയ(27)യെയാണ് ഭര്‍തൃവീട്ടിലെ വാട്ടര്‍ടാങ്കില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെയാണ് വീടിനോട് ചേര്‍ന്നുള്ള ആറടിയോളം ആഴമുള്ള വാട്ടര്‍ടാങ്കില്‍ മുങ്ങികിടക്കുന്നനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പുറത്തെടുത്ത് മെഡികെയര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രജീഷിന്റെ വീട്ടിലെ ഡ്രൈവറും ഭര്‍തൃമാതാവുമാണ് സോണിയയെ വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയത്. മൂന്നരവര്‍ഷം മുമ്പാണ് പ്രജീഷും സോണിയയും വിവാഹിതരായത്. പ്രജീഷ് ദുബായിലാണ്. രണ്ടരവയസ്സുള്ള മകനുണ്ട്.

അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു മരിച്ച സോണിയയുടെ പിതാവ് നാട്ടിക ബീച്ച് വളവത്ത് ജയന്‍ ആരോപിക്കുന്നു. ഇദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊടുങ്ങല്ലൂര്‍ പോലീസ് സംഭവത്തില്‍ കേസെടുത്തു. കൊവിഡ് പരിശോധനഫലം ലഭിച്ചശേഷം മൃതദേഹപരിശോധന നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News