News

താലിബാന്റെ നിറതോക്കുകള്‍ക്കുമുന്നില്‍ പതറാതെ വനിതകളുടെ പ്രക്ഷോഭം,തൊഴിലും വിദ്യാഭ്യാസവും നിഷേധിക്കപ്പെടരുതെന്ന് ലോകത്തോട് പെണ്ണുങ്ങൾ

കാബൂൾ:താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വനിതാ സാമൂഹ്യപ്രവർത്തകർ തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ലിംഗപരമായ സമത്വത്തിനുവേണ്ടിയും പുതിയ സർക്കാരിൽ പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ടുമാണ് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇവർ മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

പ്രതിഷേധം തടയാൻ താലിബാൻ സേന ഇവർക്കെതിരെ കണ്ണീർ വാതകം പ്രയോഗിച്ചതിനെത്തുടർന്ന് ശനിയാഴ്ച പ്രതിഷേധം അക്രമാസക്തമായിരുന്നു. നേരത്തെ ഹെറാത്ത് നഗരത്തിലും സമാനമായ പ്രതിഷേധം അരങ്ങേറിയിരുന്നു.ആയുധങ്ങളുമായി താലിബാൻ സേന തെരുവുകളിൽ ഭീതിനിറയ്ക്കുമ്പോൾ ഒരു സംഘം സ്ത്രീകൾ തെരുവിലേക്കിറങ്ങി പ്രക്ഷോഭം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നത് അപ്രതീക്ഷിതമായ നീക്കമായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുന്നുന്നത്.

അഫ്ഗാനിൽ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽ തന്നെ ജോലി ചെയ്യുന്ന സ്ത്രീകൾ വീട്ടിൽ തന്നെ തുടരണമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകിയിരുന്നു. സ്ത്രീകളെ അടിച്ചമർത്തിയും അവരുടെ സ്വാതന്ത്ര്യവും അടിസ്ഥാന അവകാശങ്ങളും ഹനിച്ചുകൊണ്ടുമുള്ള മുൻ ഭരണരീതിതന്നെയായിരിക്കും അവർ തുടരുക എന്നാണ് വീണ്ടും അധികാരത്തിലേക്ക് വരുമ്പോൾ താലിബാൻ നൽകുന്ന സൂചന.

സ്ത്രീകൾക്ക് ജോലി ചെയ്യാൻ അവസരം നൽകുമെന്നും വിദ്യാഭ്യാസം നേടാൻ അനുവദിക്കുമെന്നും താലിബാൻ നേതാക്കൾ ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നു. എന്നാൽ മാധ്യമപ്രവർത്തകർ അടക്കമുള്ള സ്ത്രീകളെ താലിബാൻ ജോലിയിൽനിന്ന് വിലക്കുന്നതും സ്ത്രീ അവകാശ പ്രവർത്തകർക്കെതിരേ വധഭീഷണി മുഴക്കുന്നതുമാണ് പിന്നീട് കണ്ടത്. പല വനിതാ മാധ്യമപ്രവർത്തകരും ജീവൻ രക്ഷിക്കാൻ രാജ്യംവിട്ടതും വാർത്തയായിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പുള്ള താലിബാൻ ഭരണത്തിന്റെ കടുത്ത നിലപാടുകളിലേക്കുതന്നെയാണ് താലിബാൻ തിരികെ പോകുന്നതെന്ന സൂചനയാണ് ഇവയൊക്കെ നൽകുന്നത്.

രണ്ടാഴ്ചയ്ക്കുള്ളിൽത്തന്നെ പൊതുമണ്ഡലത്തിൽനിന്ന് സ്ത്രീകൾ ഏറെക്കുറെ ഉൾവലിഞ്ഞു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകുന്ന വിവരം. സ്ത്രീകൾ എല്ലാവരും പൊതുജീവിതത്തിൽ നിന്ന് അപ്രത്യക്ഷരായി. ഒട്ടുമിക്ക അഫ്ഗാൻ സ്ത്രീകളും അവരുടെ സുരക്ഷയെ ഭയന്ന് വീട്ടിൽ തന്നെ കഴിയുകയാണ്. ചില കുടുംബങ്ങൾ സ്ത്രീകൾക്കായി ബുർഖകൾ വാങ്ങുന്ന തിരക്കിലാണ്. ഈ സാഹചര്യത്തിലാണ് എണ്ണത്തിൽ കുറവെങ്കിലും, കരുത്തരായ ഒരുവിഭാഗം സ്ത്രീകൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്.

അഫ്ഗാനിസ്താനിലെ പടിഞ്ഞാറൻ നഗരമായ ഹെറാത്തിൽ സ്ത്രീകൾ സമാനമായ രീതിയിൽ പ്രകടനം നടത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് കാബൂളിലെ പ്രകടനം എന്നതും ശ്രദ്ധേയമാണ്. വരും ദിവസങ്ങളിൽ കൂടുതൽ പ്രക്ഷോഭങ്ങൾ രാജ്യത്ത് ഉയർന്നുവരുമെന്ന് തന്നെയാണ് ഇത് നൽകുന്ന സൂചന. സ്ത്രീകളുടെ പിന്തുണയില്ലാതെ ഒരു സർക്കാരിനും ദീർഘകാലം നിലനിൽക്കാനാകില്ലെന്ന മൂദ്രാവാക്യമുയർത്തിയാണ് ഇവരുടെ പ്രതിഷേധങ്ങൾ. താലിബാൻ ഭരണത്തിന്റെ കീഴിൽ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ഭീതി വർദ്ധിച്ച സാഹചര്യത്തിലാണ് പ്രതിഷേധങ്ങൾ ഉയരുന്നത്. നേരിട്ടുള്ള ഭീഷണി കാരണം താൻ ഹെറാത്ത് പ്രകടനത്തിൽ പങ്കെടുത്തില്ലെന്ന് ഒരു പ്രമുഖ അഫ്ഗാൻ പൊതു പ്രവർത്തക പറഞ്ഞിരുന്നു.

എന്നാൽ സ്ത്രീകൾക്ക് ‘അത്യാവശ്യം സ്വാതന്ത്ര്യം നൽകുന്ന’ പുതിയ താലിബാനാണ് തങ്ങളെന്നാണ് താലിബാന്റെ വാദം. സ്ത്രീകളോട് വീട്ടിൽ തുടരാനുള്ള മാർഗ്ഗനിർദ്ദേശം താൽക്കാലികമാണെന്നും സ്ത്രീകളോട് ആരും അനാദരവോടെ പെരുമാറുന്നില്ലെന്നും സ്ത്രീകൾക്ക് പുറത്തിറങ്ങാനുള്ള വഴികൾ കണ്ടെത്താൻ ഗ്രൂപ്പിന് സമയം അനുവദിക്കുമെന്നും താലിബാൻ വക്താവ് സാബിയുള്ള മുജാഹിദ് പറഞ്ഞിരുന്നു.

മുൻപ് അഫ്ഗാന്റെ നിയന്ത്രണം താലിബാൻ കൈയ്യടക്കിയിരുന്ന കാലത്തും സ്ത്രീകളും പെൺകുട്ടികളുമാണ് ഏറ്റവും വലിയ അടിച്ചമർത്തലുകൾക്ക് വിധേയരായത്. അവർ അധികാരത്തിലിരുന്ന 1996-2001 കാലത്ത് നടപ്പിലാക്കിയ നിയമങ്ങളൊക്കെ തിരിച്ചുവരുമെന്ന ഭീതിയാണ് ഇന്നും അവിടുത്തെ ജനങ്ങൾക്കുള്ളത്. അന്ന് സ്ത്രീകൾക്ക് ജോലിയിൽനിന്നും വിദ്യാഭ്യാസത്തിൽനിന്നും താലിബാൻ വിലക്കേർപ്പെടുത്തിയിരുന്നു. വീടിന് പുറത്തിറങ്ങണമെങ്കിൽ ശരീരമാകസകലം മൂടുന്ന വസ്ത്രം ധരിക്കണം, കുടുംബത്തിലെ പുരുഷ അംഗത്തിനൊപ്പമേ പുറത്തിറങ്ങാൻ പാടുള്ളൂ തുടങ്ങിയ നിബന്ധനകളും അടിച്ചേൽപ്പിച്ചിരുന്നു.

നിറതോക്കുകൾക്കു മുന്നിൽ അഫ്ഗാനിലെ സ്ത്രീകൾ നടത്തുന്ന പ്രതിഷേധങ്ങൾ ലോക മാധ്യമങ്ങളിൽ വലിയ വാർത്തയാവുകയാണ്. ലിംഗസമത്വത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടമായാണ് അത് വിലയിരുത്തപ്പെടുന്നത്. എന്നാൽ താലിബാൻറെ കാട്ടുനീതിക്കു മുന്നിൽ ആ പ്രതിഷേധങ്ങൾക്ക് എത്ര ആയുസ്സുണ്ടാകുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button