കോട്ടയത്ത് ഭര്‍ത്താവിന്റെ അവിഹിതം പിടികൂടിയ യുവതിയെ കാണാനില്ല; പോലീസ് അപമാനിച്ചതിനെ തുടര്‍ന്നെന്ന് ആരോപണം

കോട്ടയം: ഭര്‍ത്താവിന്റെ അവിഹിത ബന്ധം പിടികൂടിയ യുവതിയെ കാണാതായതായി പരാതി. ഓണംതുരുത്ത് സ്വദേശിനി മഞ്ജു സെബാസ്റ്റ്യനെയാണ് ഇന്നലെ മുതല്‍ കാണാതായത്. കടുത്തുരുത്തി വാട്ടര്‍ അതോറിറ്റിയില്‍ മീറ്റര്‍ റീഡറുടെ താല്‍ക്കാലിക തസ്തികയില്‍ ജോലി ചെയ്യുകയാണ് മഞ്ജു.

മഞ്ജുവിന്റെ ഭര്‍ത്താവ് സെബാസ്റ്റ്യനും കടുത്തുരുത്തി സ്വദേശിയായ ശാലിനി എന്ന സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഇതിനെതിരെ മഞ്ജു പോലീസിനെ സമീപിക്കുകയായിരുന്നു. അന്ന് ഏറ്റുമാനൂര്‍ പോലീസ് പരാതി ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ അതിനുശേഷവും സെബാസ്റ്റ്യനും ശാലിനിയും തമ്മില്‍ അടുപ്പം തുടര്‍ന്നതോടെ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഇതിനിടെ ജോലിയുടെ ഭാഗമായി ശാലിനിയുടെ വീട്ടില്‍ എത്തിയപ്പോള്‍ ഇരുവരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി.

തുടര്‍ന്ന് മഞ്ജു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. കമ്പി വടി കൊണ്ട് ശാലിനി മഞ്ജുവിനെ ആക്രമിച്ചെന്ന് സഹോദരന്‍ മഹേഷ് പറയുന്നു. തന്നെ ശാലിനി ആക്രമിച്ചതായി മഞ്ജു കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് ഇന്നലെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇരുവിഭാഗത്തെയും വിളിച്ചുവരുത്തി സി ഐ ഗോപകുമാര്‍ ചര്‍ച്ച നടത്തി. ചര്‍ച്ചക്കിടെ സി.ഐ ഗോപകുമാര്‍ മഞ്ജുവിനെ അപമാനിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

മഞ്ജുവിന്റെ കഴിവുകേട് കൊണ്ടാണ് ഭര്‍ത്താവ് മറ്റൊരു ബന്ധത്തിന് പോയതെന്ന് സി ഐ എല്ലാവരുടെയും മുന്നില്‍ വെച്ച് പറഞ്ഞത് മഞ്ജുവിനെ വിഷമത്തിലാക്കിയെന്ന് സഹോദരന്‍ മഹേഷ് പറയുന്നു. ഇതിനെ തുടര്‍ന്ന് മഞ്ജു പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പോലീസ് സ്റ്റേഷനില്‍ വെച്ച് ശേഷമാണ് ഇറങ്ങി ഓടിയതെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ബസില്‍ കയറി എവിടേക്കോ പോയെന്നും ബന്ധുക്കള്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News