32.8 C
Kottayam
Tuesday, May 7, 2024

യുവതിയെ 10 വര്‍ഷം ഒളിവില്‍ താമസിപ്പിച്ച സംഭവം; വനിതാ കമ്മീഷന്‍ കേസെടുത്തു

Must read

നെന്മാറ: പാലക്കാട് നെന്മാറയില്‍ കാമുകിയെ പത്ത് വര്‍ഷം ഒളിവില്‍ താമസിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു. വിഷയത്തില്‍ ഇടപെട്ട വനിതാ കമ്മിഷന്‍ നെന്മാറ പോലീസിനോട് റിപ്പോര്‍ട്ട് തേടി. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷന്‍ അംഗം ഷിജി ശിവജി പ്രതികരിച്ചു.

പത്ത് വര്‍ഷം വീട്ടുകാരറിയാതെ കാമുകിയെ സ്വന്തം വീട്ടില്‍ താമസിപ്പിച്ച യുവാവിന്റെ കഥ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. റഹ്മാനാണ് സമീപവാസിയായ സജിതയെ വീട്ടില്‍ താമസിപ്പിച്ചത്. യുവാവിന്റെ വീട്ടുകാരോ പോലീസോ നാട്ടുകാരോ സംഭവമറിഞ്ഞിരുന്നില്ല. യുവതിക്ക് കൗണ്‍സലിങ് നല്‍കാനും വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം മരിച്ചെന്ന് കരുതിയ മകളെ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് നെന്മാറ അയിലൂരിലെ വേലായുധനും ഭാര്യ ശാന്തയും. അപൂര്‍വമായ ഒരു പ്രണയ കഥയുടെ ചുരുള്‍ അഴിഞ്ഞപ്പോഴാണ് മകള്‍ സജിതയെ നേരിട്ട് കാണാന്‍ ഇവര്‍ക്ക് കഴിഞ്ഞത്. മാതാപിതാക്കള്‍ വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് സജിതയും റഹ്മാനും.

കാണാതായ മകളെ തേടിയലഞ്ഞ ഒരു പതിറ്റാണ്ട്. അവള്‍ ഇത്രകാലം പത്തു വീടപ്പുറത്തുണ്ടായിരുന്നുവെന്ന സത്യത്തോട് പൊരുത്തപ്പെടാന്‍ ഇനിയും വേലായുധനും ശാന്തക്കും കഴിഞ്ഞിട്ടില്ല. വിത്തനശ്ശേരിയിലെ വീട്ടിലേക്ക് ഇരുവരും സജിതയേയും റഹ്മാനെയും കാണാനെത്തുമ്പോള്‍ ചേര്‍ത്തു പിടിക്കലിന്റെ മധുരമുണ്ട്.

റഹ്മാന്റെയും സജിതയുടെയും ഇനിയുള്ള ജീവിതത്തിനൊപ്പം സ്നേഹവും കരുത്തുമായി ഉണ്ടാകുമെന്ന് വേലായുധനും ശാന്തയും ഉറപ്പു നല്‍കി. മകളെ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു ഇരുവരുടേയും വാക്കുകളില്‍. അച്ഛനും അമ്മയും എത്തിയതിന്റെ സന്തോഷം സജിതയും പങ്കുവച്ചു. തന്റെ വീട്ടുകാരും ഇതുപോലെ എത്തിയിരുന്നെങ്കില്‍ എന്ന പ്രതീക്ഷ റഹ്മാനും പങ്കുവച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week