തലശ്ശേരി: കാമുകനുമൊത്തുള്ള ജീവിതത്തിന് തടസ്സമാവാതിരിക്കാന്‍ ഒന്നര വയസുള്ള സ്വന്തം മകനെ കടല്‍ഭിത്തിയിലെറിഞ്ഞു ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അമ്മയുടെ ജാമ്യാപേക്ഷ തലശ്ശേരി കോടതി വീണ്ടും തള്ളി. കേസിലെ പ്രതിയായ കണ്ണൂര്‍ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ (22) യുടെ ജാമ്യഹര്‍ജിയാണ് കോടതി തള്ളിയത്.
പൊക്കിള്‍കൊടി ബന്ധം മറന്ന പൈശാചികതയെ ജയില്‍ മോചിതയാക്കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശമാവുമെന്ന പ്രോസിക്യൂഷന്‍ വാദം സ്വീകരിച്ചാണ് ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജ് എം. തുഷാര്‍ തള്ളിയത്. 2020 ഫെബ്രുവരി 17 നായിരുന്നു സംഭവം. തയ്യില്‍ കടപ്പുറത്ത് കരിങ്കല്ലുകള്‍ക്കിടയിലാണ് ശരണ്യയുടെ മകന്‍ വിയാന്റെ മൃതദേഹം കാണപ്പെട്ടത്.
ഭര്‍ത്താവ് പ്രണവിനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ച രണ്ടുമണിയോടെ ശരണ്യ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി ക്ഷതമേറ്റു. മരണം ഉറപ്പാക്കാന്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതി കാമുകന്‍ വലിയന്നൂര്‍ സ്വദേശി പുന്നക്കല്‍ നിധിനുമായി ജീവിക്കാന്‍ തീരുമാനിച്ചുവെന്നും ഇതിന് തടസ്സമാവാതിരിക്കാനാണ് മാതൃത്വം മറന്ന് അറുകൊല ചെയ്തതെന്നുമായിരുന്നു കുറ്റപത്രം. തുടക്കം മുതല്‍ കുറ്റം ഭര്‍ത്താവിന്റെ തലയില്‍ ചാര്‍ത്താനായിരുന്നു സൗമ്യയുടെ ശ്രമം. എന്നാല്‍ പോലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവില്‍ സൗമ്യയെ പോലീസ് കുടുക്കുകയായിരുന്നു.