തൃപ്പുണിത്തുറയില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; സംഭവദിവസം ഭാര്യയുടെ ബന്ധുക്കളുമായി തര്‍ക്കം നടന്നതായി സൂചന

കൊച്ചി: തൃപ്പുണിത്തുറ ഉദയംപേരൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.നടക്കാവിനു സമീപം ചിത്തിരനിവാസില്‍ മണിയുടെ മകന്‍ നിധിന്‍കുമാര്‍ (42) ആണ് ദുരൂഹസാഹചര്യത്തില്‍ കുഴഞ്ഞുവീണ് മരിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ച നാലിന് വീട്ടില്‍ നിധിന്‍കുമാര്‍ വീണുകിടക്കുന്നതുകണ്ട് മാതാവ് പരിസരവാസികളെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഉദയംപേരൂര്‍ പോലീസ് സ്ഥലത്ത് എത്തി ആംബുലന്‍സില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഇവരുടെ വീട്ടില്‍ വച്ച് ബന്ധുക്കളുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

നിധിന്‍കുമാറുമായി തര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്ന് ഭാര്യ രമ്യ വിളിച്ചതനുസരിച്ച് രണ്ട് ബന്ധുക്കള്‍ ഇവരുടെ വീട്ടിലെത്തുകയും നിധിന്‍കുമാറുമായി അടിപിടിയുണ്ടാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ശരീരത്തിലെ മുറിവുകള്‍ കണ്ടെത്തിയതോടെ സംശയം തോന്നിയ പോലീസ് ചാലക്കുടിയില്‍ എത്തി രണ്ട് ബന്ധുക്കളെ കസ്റ്റഡിയില്‍ എടുത്തു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News