വിവാഹമോചനക്കേസ് നിലനില്‍ക്കുന്നതിനിടെ യുവതിയെ വീണ്ടും വിവാഹം കഴിപ്പിക്കാന്‍ ശ്രമം; എതിര്‍ത്തതോടെ യുവതിക്ക് വീട്ടുകാരുടെ മര്‍ദ്ദനം

ഇടുക്കി: വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ യുവതിയെ വീണ്ടും വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാരുടെ ശ്രമം. എതിര്‍ത്തതോടെ യുവതിക്ക് വീട്ടുകാരുടെ ക്രൂര മര്‍ദ്ദനം. ഉടുമ്പന്‍ചോല സ്വദേശിയായ ഇരുപത്തഞ്ചുകാരിയാണ് വീട്ടുകാരുടെ മര്‍ദ്ദനത്തിന്റെ തുടര്‍ന്ന് ആശുപത്രിയിലായത്.

ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോലയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. താക്കോല്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ യുവതിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. തങ്ങള്‍ക്ക് ബാദ്ധ്യതയാകുമെന്ന് ഭയന്നാണ് യുവതിയെ വീണ്ടും വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമം തുടങ്ങിയതെന്നാണ് അറിയുന്നത്. എന്നാല്‍ യുവതി ഇതിന് സമ്മതിക്കാതെ വന്നതോടെയാണ് മര്‍ദ്ദനം തുടങ്ങിയത്.

പെണ്ണുകാണലിന് ചെറുക്കനും കൂട്ടരും എത്തിയെങ്കിലും മുറിയില്‍ നിന്ന് ഇറങ്ങാന്‍ യുവതി കൂട്ടാക്കിയില്ല. തുടര്‍ന്ന് ചെറുക്കനും കൂട്ടരും മടങ്ങിയ ഉടന്‍ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News