കൊച്ചി: വിവാഹമോചനക്കേസിലെ കുടുംബകോടതി ഉത്തരവിനെതിരെ വിമർശനവുമായി ഹൈക്കോടതി. കുടുംബകോടതി ഉത്തരവ് പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും സ്ത്രീകൾ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്പായപ്പെട്ടു. കൊട്ടാരക്കര സ്വദേശിനിയായ ഡോക്ടർ തന്റെ വിവാഹമോചനഹർജി കൊട്ടാരക്കര കുടുംബകോടതിയിൽനിന്ന് തലശ്ശേരി കുടുംബകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
സ്ത്രീകൾ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നും അവരുടെ തീരുമാനങ്ങളെ വിലകുറച്ചുകാണരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കൊട്ടാരക്കര സ്വദേശിനിയായ ഡോക്ടർ ആദ്യം നൽകിയ വിവാഹ മോചന ഹർജി തൃശ്ശൂർ കുടുംബകോടതി തള്ളിയിരുന്നു. തർക്കങ്ങൾ മറന്ന്, അഭിപ്രായവിത്യാസങ്ങള്‍ കുഴിച്ച് മൂടി വിവാഹത്തിന്റെ പവിത്രത മനസ്സിലാക്കി ഒരുമിച്ചു ജീവിക്കാൻ നിർദേശിച്ചായിരുന്നു കുടുംബ കോടതി ഹർജി തള്ളിയത്. എന്നാൽ കുടുംബ കോടതിയുടെ നിർദേശം പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും പുതിയകാല ചിന്താഗതിയല്ലെന്നും ഹൈക്കോടതി പറഞ്ഞു.
ഹർജിക്കാരിയോട് അമ്മയും അമ്മായിയമ്മയും പറയുന്നതു കേൾക്കാൻ കുടുംബകോടതി നിർദേശിച്ചിട്ടുണ്ടെന്ന് ഭർത്താവ് ഹൈക്കോടതയിൽ ചൂണ്ടിക്കാട്ടി. കോടതിക്കുപുറത്ത് ഒത്തുതീർപ്പാക്കാവുന്ന പ്രശ്നങ്ങളേയുള്ളൂവെന്നായിരുന്നു ഭർത്താവിന്‍റെ വാദം. എന്നാൽ ഈ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ല. ഒരു സ്ത്രീയുടെ തീരുമാനങ്ങളെ അമ്മയുടെയോ അമ്മായിയമ്മയുടെയോ തീരുമാനങ്ങളെക്കാൾ താഴ്ന്നതായി കണക്കാക്കാനാവില്ല. സ്ത്രീകൾ അമ്മമാരുടെയോ അമ്മായിയമ്മമാരുടെയോ അടിമകളല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിങ്ങൾ അവളെ കെട്ടിയിട്ട് മധ്യസ്ഥതയ്ക്ക് നിർബന്ധിക്കുമോയെന്നും കോടതി ചോദിച്ചു. ഹർജിക്കാരി സമ്മതിച്ചാലേ കോടതിക്ക് ഒത്തുതീർപ്പിന് അനുവദിക്കാനാവൂവെന്നും അവർക്ക് സ്വന്തമായി ഒരു മനസ്സുണ്ടെന്ന് തിരിച്ചറിയണമെന്നും അഭിപ്രായപ്പെട്ട സിംഗിൾ ബെഞ്ച് ഹർജി തലശ്ശേരി കുടുംബകോടതിയിലേക്ക് മാറ്റാൻ അനുവദം നൽകി.