പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചയാളെ വിടാതെ ചേര്‍ത്ത് പിടിച്ച് യുവതി! ആക്രമി മരിച്ചു; യുവതി ഗുരുതരാവസ്ഥയില്‍

മുംബൈ: തന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമിയെ രക്ഷപ്പെടാന്‍ അനുവദിക്കാതെ ചേര്‍ത്തുപിടിച്ച് യുവതി. പൊള്ളലേറ്റ അക്രമി മരിച്ചു. യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുംബൈ ഗാന്ധിനഗറിലെ മേഘാവതിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

വിജയ് ഖാംബെ എന്നയാളാണ് യുവതിക്ക് നേരെ ആക്രമണം നടത്തിയത്. തൊണ്ണൂറു ശതമാനത്തിലധികം പൊള്ളലേറ്റ വിജയ് മരിച്ചു. വിജയ് ഖാംബെയും യുവതിയും തമ്മില്‍ രണ്ടരവര്‍ഷത്തോളമായി സൗഹൃദത്തിലായിരുന്നു. ഇതിനിടെ വിജയ് യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും ഇവരുടെ കുടുംബം ബന്ധത്തിന് തയ്യാറായില്ല. ഇതോടെ ഇയാള്‍ യുവതിയെ ഉപദ്രവിക്കാന്‍ തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച യുവതി വീട്ടില്‍ ഒറ്റക്കായ സമയത്ത് വിജയ് പെട്രോളുമായി എത്തി ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. എന്നാല്‍, യുവതി ഇയാളെ വിടാതെ പിടികൂടുകയായിരുന്നു. നിലവിളികേട്ടെത്തിയ അയല്‍ക്കാര്‍ തീയണച്ച് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും വിജയ് മരിച്ചിരുന്നു. യുവതിയുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ യുവതിയുടെ സഹോദരന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News