മലപ്പുറത്ത് 14കാരിയായ ‘ഭാര്യ’ പ്രസവിച്ചു! 22കാരനായ ഭര്‍ത്താവ് ഒളിവില്‍; അമ്മയും കുഞ്ഞും തീവ്രപരിചരണ വിഭാഗത്തില്‍

മലപ്പുറം: പോത്തുകല്ലില്‍ 14 വയസുകാരിയായ ഭാര്യ പ്രസവിച്ചു. പതിമൂന്നാം വയസില്‍ വിവാഹിതയായ പെണ്‍കുട്ടിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഭര്‍ത്താവായ യുവാവ് ഒളിവിലാണ്. പ്രായമെത്താതെ പ്രസവിച്ചതിനാല്‍ കുഞ്ഞിനെയും അമ്മയേയും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവ് പോത്തുകല്ല് കുറുമ്പലങ്ങോട് ചോല കോളനിയിലെ പ്ലാക്കല്‍ മിഥുന്‍ (22) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത് ഗര്‍ഭിണിയാക്കിയ ശേഷം ഒളിവില്‍ പോയത്.

മിഥുന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുമ്പോള്‍ 13 വയസായിരുന്നു പെണ്‍കുട്ടിയുടെ പ്രായം. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം തന്നെ പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ പ്രസവത്തിനായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ പോലീസ് എത്തുന്നതിന് മുമ്പ് ബാലികയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തുടര്‍ന്ന് പോലീസ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെച്ച് പെണ്‍കുട്ടിയേയും ബന്ധുക്കളെയും കണ്ടെത്തുകയായിരുന്നു.

അപ്പോഴേക്കും അവശനിലയിലായിരുന്നതിനാല്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്യാന്‍ ആദ്യം പോലീസിന് കഴിഞ്ഞില്ല. കഴിഞ്ഞ മാസം 24നാണ് പെണ്‍കുട്ടി പ്രസവിച്ചത്. പോലീസ് കുട്ടിയുടെ ഡിഎന്‍എ സാമ്പിളെടുത്ത് പരിശോധനക്കയച്ചു. ഇതോടെയാണ് ഭര്‍ത്താവ് മിഥുന്‍ തന്റെ പേരിലുള്ള കേസിനെക്കുറിച്ച് അറിയുന്നത്. ഇതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. അതേസമയം മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ മിഥുന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News