ആലപ്പുഴയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിനെ തുടര്‍ന്നെന്ന് പരാതി

ആലപ്പുഴ: ആറാട്ടുപുഴയില്‍ യുവതി ആത്മഹത്യ ചെയ്തത് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിനെ തുടര്‍ന്നാണെന്ന് പരാതി. ആറാട്ടുപുഴ സ്വദേശി അര്‍ച്ചനയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. അര്‍ച്ചനയുടെ ആത്മഹത്യ കുറിപ്പ്, വോയ്‌സ് മെസേജുകള്‍ എന്നിവ പുറത്ത് വന്നിട്ടുണ്ട്. അസ്വാഭാവിക മരണത്തിനു തൃക്കുന്നപ്പുഴ പോലീസ് കേസ് എടുത്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് ആറാട്ടുപുഴ സ്വദേശിനിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനി അര്‍ച്ചന ഒതളങ്ങ കഴിച്ച് ആത്മഹത്യ ചെയ്തത്. കണ്ടല്ലൂര്‍ സ്വദേശിയും മുന്‍ സഹപാഠിയുമായ യുവാവാണ് അര്‍ച്ചനയുടെ മരണത്തിന് ഉത്തരവാദിയെന്ന് കുടുംബം ആരോപിച്ചു. യുവാവുമായി അര്‍ച്ചന അടുപ്പത്തിലായിരുന്നു. എന്നാല്‍, ഇയാള്‍ മനപ്പൂര്‍വം ഒഴിവാകുകയാണെന്ന അര്‍ച്ചനയുടെ വോയിസ് ക്ലിപ്പുകളും പുറത്ത് വന്നിട്ടുണ്ട്.

പഠനം പൂര്‍ത്തിയായ ശേഷം യുവാവുമായി വിവാഹം കഴിച്ചു നല്‍കാമെന്ന് അര്‍ച്ചനയുടെ വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍, കൂടുതല്‍ സ്ത്രീധനം അവശ്യപ്പെട്ടത് ലഭിക്കാതെ വന്നതോടെ യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറി. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. അതേസമയം, അസ്വഭാവിക മരണത്തിനു മാത്രമാണ് നിലവില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. മറ്റ് ആരോപണങ്ങള്‍ പരിശോധിക്കുമെന്നും തൃക്കുന്നപ്പുഴ എസ്എച്ച്ഒ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News