KeralaNews

പെണ്‍കുട്ടിയെ പ്രതിക്കൊപ്പം വിട്ടെന്ന ആരോപണം: വധശ്രമക്കേസ് കെട്ടിച്ചമച്ചതെന്നു യുവതി

തിരുവനന്തപുരം: മലയിൻകീഴിലെ പോക്സോ കേസിൽ മലയിൻകീഴ് പോലീസിന് വീഴ്ച പറ്റിയെന്ന ആരോപണത്തെക്കുറിച്ചു പരിശോധിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് തിരുവനന്തപുരം റൂറൽ എസ്പിയോടു നിർദേശിച്ചു.

രണ്ടാനച്ഛനും വ്യോമസേന ഉദ്യോഗസ്ഥനുമായ ഭർത്താവ് തന്‍റെ ആറു വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന കേസിൽ മലയിൻകീഴ് പോലീസിന്‍റെ വീഴ്ചക്കെതിരെയാണ് കുട്ടിയുടെ മാതാവ് പരാതിയുമായി രംഗത്തെത്തിയത്. ഇരയാക്കപ്പെട്ട കുട്ടിയെയും തന്നെയും ഭർത്താവായ പ്രതിയുടെ വീട്ടിലാണ് പോലീസ് പാർപ്പിച്ചതെന്നായിരുന്നു യുവതിയുടെ ആരോപണം.

ഈ വിഷയം ഏറെ ചർച്ചയായതോടെയാണ് സംസ്ഥാന പോലീസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റൂറൽ എസ്പിയോട് നിർദേശിച്ചത്. മലയിൻകീഴ് പോലീസിനെതിരെയാണു പരാതി. വ്യോമസേന ഉദ്യോഗസ്ഥനായ രണ്ടാനച്ഛനെ ഭാര്യ വെട്ടിപ്പരിക്കേൽപിച്ചതു മൂന്നു മാസം മുന്പാണ്. 45 ദിവസം ജയിലിൽ കിടന്നശേഷം പുറത്തിറങ്ങിയ മുംബൈ മലയാളിയായ യുവതി പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

മാട്രിമോണിയൽ പരസ്യത്തിലൂടെ എയർഫോഴ്സ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടാണ് ആറു വയസുകാരി മകൾക്കൊപ്പം മുംബൈ മലയാളിയായ യുവതി തിരുവനന്തപുരത്ത് എത്തുന്നത്. ജൂലൈ 15ന് അന്പലത്തിൽ വച്ചായിരുന്നു വിവാഹം.

ജൂലൈ 17ന് രാത്രി വീട്ടിൽ തന്‍റെ മകളെ ഭർത്താവ് ഉപദ്രവിച്ചെന്നാണ് ഇവരുടെ പരാതി. സംഭവം നടന്നശേഷം മൊബൈൽ അടക്കം പിടിച്ചുവാങ്ങി ഒന്നര മാസം വീട്ടുതടങ്കലിൽ ഇട്ടെന്നും യുവതി പറയുന്നു. രണ്ടു തവണ വധശ്രമമുണ്ടായെന്നും പരാതിപ്പെടുന്നു. മകൾ നേരിട്ട പീഡനത്തിൽ പരാതി നൽകാതെ പിന്മാറില്ലെന്ന നിലപാട് യുവതി എടുത്തതോടെ പ്രശ്നം വഷളായതായി യുവതി പറയുന്നു.

സ്വർണാഭരണങ്ങൾ കവർന്നെന്നും തന്‍റെ 16 വയസുള്ള മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും കാട്ടി വ്യോമസേന ഉദ്യോഗസ്ഥൻ ഓഗസ്റ്റ് അവസാനം യുവതിക്കെതിരെ പരാതി നൽകിയിരുന്നു. ഇതന്വേഷിക്കാൻ ഓഗസ്റ്റ് 31 നു മലയിൻകീഴ് പോലീസ് എത്തിയതോടെയാണ് മകൾ പീഡനം നേരിട്ടതായി പോലീസിനെ യുവതി അറിയിക്കുന്നത്.

അമ്മയെയും മകളെയും അവിടെത്തന്നെ നിർത്തി പോലീസ് കടന്നു. സെപ്റ്റംബർ ഒന്നിനു യുവതി മകളുമായി പോലീസ് സ്റ്റേഷനിൽ എത്തി. ആറു വയസുകാരി മജിസ്ട്രേറ്റിനു മൊഴി നൽകി. എന്നിട്ടും അന്നേ ദിവസം രാത്രി പോലീസ് ഇരുവരെയും എത്തിച്ചതു പ്രതി താമസിക്കുന്ന വീട്ടിലാണെയന്നാണ് ആരോപണം.

കണ്‍മുന്നിൽ പോക്സോ കേസ് പ്രതിയുണ്ടായിട്ടും പോലീസ് തൊട്ടില്ലെന്നും യുവതി പറയുന്നു. അതേസമയം, യുവതി പറഞ്ഞിട്ടാണ് വീട്ടിലാക്കിയതെന്നാണ് മലയിൻകീഴ് സിഐ വിശദീകരിക്കുന്നത്. എന്നാൽ, യുവതി ഇതു നിഷേധിച്ചു.

പോലീസ് വീട്ടിലെത്തിച്ച അതേ ദിവസമാണ് ഭർത്താവും ഭാര്യയും തമ്മിൽ തർക്കമുണ്ടാകുന്നതും എയർഫോഴ്സ് ഉദ്യോഗസ്ഥനു പരിക്കേൽക്കുന്നതും. സ്വയം മുറിവേൽപിച്ച് മിലിട്ടറി ആശുപത്രിയിൽ ചികിത്സ തേടി തന്നെ വധശ്രമക്കേസ് പ്രതിയാക്കിയെന്നാണ് യുവതിയുടെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button