മുംബൈ: പോക്സോ കേസില്‍ വിവാദ വിധി പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജിയ്ക്ക് 150 ഗര്‍ഭനിരോധന ഉറകള്‍ അയച്ച് യുവതിയുടെ പ്രതിഷേധം. ബോബെ ഹൈക്കോടതി അഡി. ജഡ്ജി പുഷ്പ വി ഗനേഡിവാലയ്ക്കാണ് യുവതി ഗര്‍ഭനിരോധന ഉറകള്‍ അയച്ചത്. 12 വയസ് പ്രായമുള്ള കുട്ടിയുടെ മാറിടത്തില്‍ വസ്ത്രത്തിന് മുകളിലൂടെ സ്പര്‍ശിക്കുന്നത് പോക്‌സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ കീഴില്‍ വരില്ലെന്ന ജസ്റ്റിസ് പുഷ്പയുടെ വിധി വിവാദമായിരുന്നു. ഇതിനെതിരായ പ്രതിഷേധമായാണ് ഗര്‍ഭനിരോധന ഉറകള്‍ അയച്ച് പ്രതിഷേധിച്ചത്.
ദേവ്ശ്രീ ത്രിവേദിയെന്ന യുവതിയാണ് പ്രതിഷേധത്തിന് പിന്നില്‍. ജഡ്ജിയുടെ ചേംബര്‍ ഉള്‍പ്പെടെ 12 വിലാസങ്ങളിലേക്കാണ് ഇവര്‍ പാഴ്സല്‍ അയച്ചത്. ജസ്റ്റിസ് പുഷ്പയുടെ വിധിയിലൂടെ ഒരു പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് ദേവ്ശ്രീ ത്രിവേദി പറഞ്ഞു. അനീതി അനുവദിക്കാനാകില്ല. ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലയെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് ആവശ്യം -ദേവ്ശ്രീ പറഞ്ഞു.
ജനുവരി 19നാണ് വിവാദ വിധിയിലൂടെ ജസ്റ്റിസ് പുഷ്പ പ്രതിയെ കുറ്റവിമുക്തനാക്കിയത്.എന്നാല്‍ ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ ജസ്റ്റിസ് പുഷ്പയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചിരുന്നു.
മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ പറാഠ്വാഡയിൽ 1969 ലാണ് പുഷ്പ ഗനേഡിവാലയുടെ ജനനം. കൊമേഴ്സിൽ ബിരുദം നേടിയ ശേഷം എൽഎൽബി, എൽഎൽഎം ബിരുദങ്ങളും ൽ നേടിയിട്ടുണ്ട്. ഗണേദിവാല 2007 ൽ ജില്ലാ ജഡ്ജിയായി നിയമിതനായി. മുംബൈയിലെ സിറ്റി സിവിൽ കോടതിയിലും നാഗ്പൂരിലെ ജില്ലാ, കുടുംബ കോടതികളിലും സേവനമനുഷ്ഠിച്ചു. 2007 ൽ ജില്ലാ ജഡ്ജിയായി നിയമിതയായ ഗനേഡിവാല, മുംബൈയിലെ സിറ്റി സിവിൽ കോടതിയിലും നാഗ്പൂരിലെ ജില്ലാ, കുടുംബ കോടതികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് നാഗ്പൂരിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട്, സെഷൻസ് ജഡ്ജിയായി നിയമിതയായി. തുടർന്നാണ് ബോംബെ ഹൈക്കോടതി രജിസ്ട്രാർ-ജനറലായി ചുമതലയേൽക്കുന്നത്
2018 ൽ ബോംബെ ഹൈക്കോടതിയിൽ നിയമനത്തിനായി പരിഗണിക്കപ്പെട്ട നിരവധി ജഡ്ജിമാരിൽ ഒരാളായിരുന്നു ഗനേഡിവാല. എന്നാൽ ബോംബെ ഹൈക്കോടതി ഇതിനെതിരെ ശുപാർശ ചെയ്തു. ഹൈക്കോടതിയുടെ ശുപാർശ അംഗീകരിച്ച സുപ്രീംകോടതി ഗനേഡിവാലയുടെ നിയമനത്തിന്റെ പരിഗണന മാറ്റിവെക്കുകയായിരുന്നു. 2019 ൽ ഗനേഡിവാലയുടെ നിയമനം വീണ്ടും പരിഗണിക്കുകയും ബോംബെ ഹൈക്കോടതി അഡീഷണൽ ജഡ്ജായി നിയമിതയാകുകയും ചെയ്തു.
വിവാദ ഉത്തരവുകൾക്ക് മുമ്പ് നിരവധി ശ്രദ്ധേയമായ ഉത്തരവുകളും ഗനേഡിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പുറപ്പെടുവിച്ചിട്ടുണ്ട്. 2019 ൽ പരോളെന്നത് തടവുകാരുടെ ചുരുങ്ങിയ അവകാശമാണെന്നും സർക്കാരിന്റെ ഭരണപരമായ തീരുമാനം മാത്രമല്ലെന്നും ഗനേഡിവാല അംഗമായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. തടവുകാർക്ക് വർഷത്തിൽ നിരവധി പരോൾ ലഭിക്കുന്നത് തടയുന്ന വകുപ്പ് അന്ന് കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
2019 ൽ ബോംബെ ഹൈക്കോടതിയിൽ ഗനേഡിവാലയടക്കമുള്ള മൂന്ന് ജഡ്ജുമാർ കൊലക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിച്ച രണ്ട് കേസുകളിൽ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചിരുന്നു.2020 ൽ നാഗ്പൂരിലെ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ആവശ്യത്തിന് കിടക്കകൾ ലഭ്യമല്ലെന്ന കേസും പരിഗണിച്ചത് ഗനേഡിവാലയടങ്ങുന്ന ബഞ്ചായിരുന്നു. രോഗികൾക്ക് ആവശ്യമായ ചികിത്സയും സൗകര്യങ്ങളും ജീവനക്കാരേയും ഉറപ്പാക്കണമെന്നായിരുന്നു സംസ്ഥാന സർക്കാറിന് കോടതി നിർദേശിച്ചത്.
മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കം കോവിഡ് എന്നിവയുടെ പശ്ചാത്തലത്തിൽ എൻട്രൻസ് പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി തള്ളിയത് ഗനേഡിവാലയായിരുന്നു. എന്നാൽ, കോവിഡും വെള്ളപ്പൊക്കവും കാരണം പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കണമെന്നും അന്ന് ഉത്തരവിട്ടു.