ഉയരം പോരെന്ന് പറഞ്ഞ് മൊഴിചൊല്ലാന്‍ ശ്രമം; ഭര്‍തൃവീടിന് മുന്നില്‍ യുവതിയുടേയും മക്കളുടേയും സമരം

നാദാപുരം: ഉയരം പോരെന്ന് പറഞ്ഞ് മൊഴിചൊല്ലാന്‍ ശ്രമിച്ച ഭര്‍തൃവീടിനുമുന്നില്‍ യുവതിയും മക്കളും സമരം നടത്തുന്നു. സമരം അനുരഞ്ജന ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള പോലീസ് ശ്രമം പരാജയപ്പെട്ടു. പറമ്പത്ത് ഷാഫിയുടെ ഭാര്യ ഷഫീനയാണ് 10ഉം ആറും വയസ്സുള്ള രണ്ടു മക്കളുമായി വീട് തുറന്നുകിട്ടാന്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

ഉയരം പോരെന്ന് പറഞ്ഞ് തന്നെ മൊഴിചൊല്ലാന്‍ ശ്രമം നടക്കുന്നുവെന്നാണ് ഷഫീനയുടെ പരാതി. ഭര്‍ത്താവ് വിദേശത്തായതിനാല്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് യുവതിയും കുടുംബവും പേരോട് വീട്ടിലെത്തിയത്.

എന്നാല്‍ വീടിന്റെ താക്കോല്‍ നല്‍കാന്‍ ഭര്‍തൃവീട്ടുകാര്‍ തയ്യാറായില്ല. വിഷയം ക്രമ സമാധാന പ്രശ്‌നത്തിലേക്ക് നീങ്ങിയതോടെ നാദാപുരം സി.ഐ എന്‍. സുനില്‍ കുമാര്‍ ഇരുവിഭാഗത്തെയും ചര്‍ച്ചക്ക് വിളിച്ചുവരുത്തി. യുവതിയെയും കുട്ടികളെയും വീട്ടില്‍ കയറ്റി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്ന നിര്‍ദേശം ഭര്‍തൃവീട്ടുകാര്‍ അംഗീകരിച്ചില്ലെന്ന് സി.ഐ പറഞ്ഞു.

ഒരാഴ്ച വീട്ടില്‍ നിന്ന് യുവതിയും മക്കളും മാറിനില്‍ക്കണമെന്നും വിദേശത്തുള്ള ഭര്‍ത്താവ് സ്ഥലത്തെത്തിയാല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെന്നുമുള്ള നിലപാടാണ് ഭര്‍തൃവീട്ടുകാര്‍ സ്വീകരിച്ചത്. യുവതിക്കും കുട്ടികള്‍ക്കും പോലീസ് സംരക്ഷണം നല്‍കുമെന്നും സി.ഐ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News