ജോലി സമയത്ത് പോലീസ് ഉദ്യോഗസ്ഥ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ആക്ഷേപങ്ങളുമായി മേലുദ്യോഗസ്ഥര്‍. കംബോഡിയയിലാണ് സംഭവം. സിതോങ്ങ് സോഖ എന്ന പോലീസ് ഉദ്യോഗസ്ഥ ഔദ്യോഗിക യൂണിഫോമില്‍ തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്.
ചിത്രം സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയതോടെ കംബോഡിയയിലെ സ്ത്രീകളുടെയും പോലീസ് സേനയുടെ തന്നെയും അഭിമാനത്തിന് ക്ഷതമേറ്റു എന്നായിരുന്നു മേലുദ്യോഗസ്ഥരുടെ പ്രതികരണം. അതിനാല്‍ സോഖ മാപ്പുപറയണമെന്നും മേലുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇതിനു പുറമേ ഇത്തരം പെരുമാറ്റങ്ങള്‍ മേലില്‍ ആവര്‍ത്തിക്കില്ല എന്ന കരാറിലും സോഖയെ കൊണ്ട് ഒപ്പുവയ്പ്പിക്കുകയും ചെയ്തു. ഇതോടെ സ്ത്രീകളുടെ സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ജോലിസ്ഥലത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ ശിശു പരിപാലനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും മുലയൂട്ടാന്‍ വേതനത്തോടെ ഇടവേളകള്‍ നല്‍കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന് പൗര സംഘടനകള്‍ പ്രതികരിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിപരീതമായി സ്ത്രീകള്‍ക്കെതിരെ നടക്കുന്ന വിവേചനങ്ങളില്‍ നടപടികള്‍ എടുക്കാത്തതിന് കംബോഡിയയിലെ വനിതാ കാര്യമന്ത്രാലയം മുന്‍പ് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
എന്നാല്‍ ഈ സംഭവത്തില്‍ സോഖയ്ക്ക് അനുകൂലമായ നിലപാടാണ് വനിതാ കാര്യ മന്ത്രാലയം കൈകൊണ്ടത്. സോഖയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് മന്ത്രാലയത്തിന്റെ തുറന്ന കത്തും പുറത്തുവന്നിരുന്നു. എന്നാല്‍ ആ കത്തിലും പൊതു ഇടത്തില്‍ മുലയൂട്ടുന്നത് രാജ്യത്തെ വനിതകളുടെ അന്തസ്സിനെ ബാധിക്കുമെന്ന പരാമര്‍ശം ഉണ്ടായത് വിമര്‍ശനത്തിന് വഴിയൊരുക്കി.
അതേസമയം സോഖയ്ക്ക് എതിരെ നടപടിയെടുത്ത മേലുദ്യോഗസ്ഥനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് ആഭ്യന്തരകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ ഷൗ ബെന്നും കത്തയച്ചിരുന്നു. ഇത്തരം ഒരു നടപടി എടുത്തതില്‍ അങ്ങേയറ്റം നിരാശയുള്ളതായി കത്തില്‍ പറയുന്നു. സോഖയുടെ ചിത്രങ്ങള്‍ ശരീരപ്രദര്‍ശനം എന്ന നിലയില്‍ കാണാനാവില്ല. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ മക്കളെ പരിപാലിക്കാനുള അവസരം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് എന്നും അവര്‍ കത്തില്‍ വ്യക്തമാക്കി.
വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ശക്തമായതോടെ പൊലീസ് സേനയും ന്യായീകരണങ്ങളുമായി എത്തിയിരുന്നു. ജോലിസമയത്ത് തന്റെ ചിത്രം പങ്കുവെച്ചതിനു മാത്രമാണ് സോഖക്കെതിരെയുള്ള നടപടി എന്നായിരുന്നു വിശദീകരണം. മുലയൂട്ടുന്ന അമ്മമാര്‍ക്ക് തൊഴില്‍ സമയത്ത് ദിവസവും ഒരു മണിക്കൂര്‍ കുഞ്ഞിനൊപ്പം ചിലവിടാന്‍ കംബോഡിയയിലെ നിയമം അനുവദിക്കുന്നുണ്ട് എന്ന് ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗത്തിന്റെ തലവനായ റോസ് സൊപ്ഹീപ് അറിയിച്ചു. ഒരു വര്‍ഷത്തേക്കാണ് ഈ ഇളവ് നല്‍കുന്നത്.
എന്നാല്‍ ഈ നിയമം കൃത്യമായി നടപ്പാക്കാത്തതിനാല്‍ മേലുദ്യോഗസ്ഥര്‍ പലരും വനിതകള്‍ക്ക് കുഞ്ഞുങ്ങളെ പരിപാലിക്കാനുള്ള അവസരം നിഷേധിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. വനിതകളുടെ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കംബോഡിയ ഭരണകൂടത്തിനെതിരെ 2020 മുതല്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.