യൂണിഫോമില്ലാതെ വന്ന മേലുദ്യേഗസ്ഥയെ തിരിച്ചറിയാതെ പെരുമാറി; കൊച്ചിയില്‍ വനിതാ പോലീസുകാരിയ്ക്ക് ശിക്ഷ

കൊച്ചി: പോലീസ് സ്റ്റേഷനിലേക്ക് പ്രവേശിക്കാനൊരുങ്ങിയ കൊച്ചി സിറ്റി പോലീസിലെ ഉന്നത ഉദ്യോഗസ്ഥയെ കൊവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ തടഞ്ഞ വനിതാ പോലീസുകാരിക്ക് ശിക്ഷ. സ്റ്റേഷനിലേക്ക് സാധാരണ വസ്ത്രത്തില്‍ മാസ്‌ക് ധരിച്ച് അധികാര ഭാവത്തില്‍ കയറാനെത്തിയ ഉന്നത ഉദ്യോകസ്ഥയെ പാറാവു ചുമതലയിലുണ്ടായിരുന്ന വനിതാ പോലീസുകാരി തടയുകയായിരുന്നു.

കൊവിഡ് കാലത്ത് പൊതുജനങ്ങളെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കരുത് എന്ന ഉത്തരവ് നടപ്പിലാക്കുകയായിരുന്നു ഇവര്‍. എന്നാല്‍ ദിവസങ്ങള്‍ക്കു മുന്‍പ് സിറ്റി പോലീസില്‍ ചുമതലയേറ്റ ഉന്നത ഉദ്യോഗസ്ഥയാണതെന്ന് അറിഞ്ഞതോടെ പിന്‍മാറുകയും ചെയ്തു. പക്ഷേ സംഭവത്തില്‍ പ്രകോപിതയായ ഉന്നത ഉദ്യോഗസ്ഥ വനിതാ പോലീസുകാരിയോട് വിശദീകരണം ആവശ്യപ്പെടുകയും, അതിനു പുറമെ രണ്ടു ദിവസം ട്രാഫിക് ഡ്യൂട്ടി ചെയ്യാനും ആവശ്യപ്പെട്ടു.

എന്നാല്‍ സംഭവം പോലീസുകാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. അടുത്തിടെ ചുമതലയേറ്റെടുത്ത ഉദ്യോഗസ്ഥ യൂണിഫോമിലല്ലാത്തതിനാലും മാസ്‌ക് ധരിച്ചതിനാലും തിരിച്ചറിയാനുള്ള സാധ്യത കുറവായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ സ്റ്റേഷനകത്തേക്ക് ആളുകളെ കയറ്റുന്നതിലും നിയന്ത്രണമുണ്ട്. ഇതെല്ലാം കണക്കാക്കുമ്പോള്‍ വനിതാ പോലീസുകാരിക്ക് സംഭവിച്ച അബദ്ധം മാപ്പാക്കാമായിരുന്നു എന്നാണ് പോലീസ് സേനയിലെ സംസാരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News