വര്‍ക്കല: യുവതിയെ രണ്ടരവയസ്സുള്ള മകള്‍ക്കൊപ്പം ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചെറുന്നിയൂര്‍ കല്ലുമലക്കുന്ന് എസ്.എസ്. നിവാസില്‍ സുജിത്തിന്റെ ഭാര്യ ശരണ്യ(22), മകള്‍ നക്ഷത്ര (ലച്ചു) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കിടപ്പുമുറിയില്‍ ഒരു മുണ്ടിന്റെ ഇരുതലപ്പിലുമായി ഇരുവരും തൂങ്ങിനില്‍ക്കുന്നതായാണ് കണ്ടത്. കുഞ്ഞിന്റെ കഴുത്തില്‍ കുരുക്കിട്ടശേഷം ശരണ്യ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഭര്‍ത്താവിന്റെ മദ്യപാനവും തുടര്‍ന്നുള്ള മര്‍ദനവും കാരണം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് സംശയിക്കുന്നത്.
വ്യാഴാഴ്ച വൈകീട്ട് 5.30-ഓടെയാണ് മരണവിവരം പുറത്തറിയുന്നത്. സ്വകാര്യ ബസ് ഡ്രൈവറായ സുജിത്ത് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുകയും ശരണ്യയെ മര്‍ദിക്കുകയും ചെയ്യുമായിരുന്നെന്ന് നാട്ടുകാരും അയല്‍വാസികളും പറയുന്നു. വ്യാഴാഴ്ച ഉച്ചയോടെ ശരണ്യയും ഭര്‍ത്താവുമായി വഴക്ക് നടന്നിരുന്നു. ജോലിക്ക് പോകാതെ വീട്ടിലിരുന്ന് മദ്യപിച്ച സുജിത്ത് വഴക്കിട്ടശേഷം വീട്ടില്‍ നിന്നിറങ്ങിപ്പോയി.
വൈകീട്ട് തിരികെ വീട്ടില്‍ എത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. അകത്തു നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. സുജിത്ത് ബഹളംവെച്ചതു കേട്ട് എത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി സുജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വര്‍ക്കല തഹസീല്‍ദാരുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. ശരണ്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ പരിശോധനയ്ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.കല്ലറ സ്വദേശിനിയാണ് ശരണ്യ. അഞ്ചുവര്‍ഷം മുമ്പായിരുന്നു വിവാഹം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)