ഭാര്യ മരിച്ചതറിയാതെ ഭര്‍ത്താവ് തൊട്ടടുത്ത മുറിയില്‍; കണ്ടെത്തിയത് പുഴുവരിച്ച മൃതദേഹം

തൃശൂര്‍: തൊട്ടടുത്ത മുറിയില്‍ ഭാര്യ മരിച്ചു കിടക്കുന്നത് അറിയാതെ ഭര്‍ത്താവ്. സുഖമില്ലാതെ കിടക്കുന്നുറങ്ങുകയാണെന്നായിരുന്നു ഭര്‍ത്താവ് രാമകൃഷ്ണന്‍ വിചാരിച്ചിരുന്നത്. മൂന്ന് ദിവസം ഭക്ഷണമില്ലാതെ ഇരുന്നിട്ടും പുറത്തിറങ്ങി സഹായം ചോദിക്കാന്‍ പോലും രാമകൃഷ്ണന്‍ തയാറായില്ല.

അവസാനം കൊവിഡ് വാക്‌സിന്റെ വിവരം പറയാന്‍ ആശ പ്രവര്‍ത്തകയുടെ ഭര്‍ത്താവ് വന്നതോടെയാണ് മരണവിവരം പുറംലോകം അറിയുന്നത്. ഇന്നലെയാണ് തൃശൂരിലെ മനക്കോടിയിലെ വീട്ടില്‍ 65 കാരി സരോജിനിയുടെ മൃതദേഹം വീട്ടില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്.

മാനസിക ബുദ്ധിമുട്ടുകളുള്ള ഭര്‍ത്താവ് രാമകൃഷ്ണന്‍ ഭാര്യ മരിച്ചതറിയാതെ അവശനിലയിലായിരുന്നു. മനക്കൊടി കിഴക്കുംപുറം ബ്രൈറ്റ്‌മെന്‍സ് നഗര്‍ ലിങ്ക് റോഡിലെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇവര്‍.

ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം സമീപവാസികള്‍ അറിയുന്നത്. സരോജിനിയുടെ മരണം നടന്നിട്ടു ദിവസങ്ങളായെന്നു പോലീസ് പറയുന്നു. രോഗിയായ രാമകൃഷ്ണന്‍ മൂന്നു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല. വാക്‌സിനേഷന്‍ സംബന്ധിച്ച് വിവരം കൊടുക്കുന്നതിനായി സരോജിനിയെ ആശാ വര്‍ക്കര്‍ വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതോടെ ആശാ വര്‍ക്കറുടെ ഭര്‍ത്താവ് തിരഞ്ഞെത്തിയപ്പോഴാണു സംഭവം അറിയുന്നത്.

ഭാര്യയ്ക്ക് അസുഖമാണെന്നും അടുത്ത മുറിയിലുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞതോടെ വാര്‍ഡ് അംഗം ഹരിദാസ് ബാബു എത്തി ജനല്‍ തുറന്നു നോക്കിയപ്പോഴാണ് സരോജിനിയുടെ മൃതദേഹം കട്ടിലില്‍ കണ്ടത്. വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഏക മകന്‍ ദിനേശന്‍ കഴിഞ്ഞ തിങ്കളാഴ്ച കോളങ്ങാട്ടുകരയില്‍ ജോലിക്കു പോയതായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News