തിരുവനന്തപുരം: വളര്‍ത്തുമൃഗങ്ങള്‍ക്ക് അസുഖം ബാധിച്ചാല്‍ അവയെ ഒട്ടുമിക്ക ഉടമകളും ഉപേക്ഷിക്കുന്ന സംഭവങ്ങളാണ് കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തയാകുകയാണ് 27 വയസ്സുള്ള തിരുവനന്തപുരം സ്വദേശിനി.
അസുഖ ബാധിതനായ വളര്‍ത്തുനായ ഇനി അധികം നാള്‍ ഉണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ 27 വയസ്സുള്ള ഗ്രീഷ്മ, അവസാന നാളുകളില്‍ ശ്രൂശ്രൂഷിക്കാന്‍ അമേരിക്കയില്‍ നിന്ന് ഓടി എത്തുകയായിരുന്നു.
നോര്‍ത്ത് കരോളിനയില്‍ താമസിക്കുന്ന ഗ്രീഷ്മയ്ക്ക് നാട്ടില്‍ വരാന്‍ പ്രത്യേകിച്ച് പരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇക്കാര്യം അറിഞ്ഞപ്പോള്‍ തലസ്ഥാനത്ത് പറന്നെത്തുകയായിരുന്നു. ഓമനയായ ടോമിയുടെ അവസാന നാളുകളില്‍ കൂടെ ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഗ്രീഷ്മ. ടോമിയുടെ അവസാന 15 നാളുകളിലാണ് ഗ്രീഷ്മ കൂടെ ഉണ്ടായിരുന്നത്. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രണ്ടു നാടന്‍ പട്ടികളെ മുന്‍ ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസറായ ജി ഹരികുമാര്‍ ദത്തെടുത്തത്.
ഇവയ്ക്ക് ടോമിയെന്നും ജെറിയെന്നും പേരുനല്‍കി. ജെറിക്ക് അഞ്ചുവയസ്സുള്ളപ്പോള്‍ വൃക്ക സംബന്ധമായ രോഗം പിടിപെട്ടു. വൃക്ക മാറ്റിവെയ്ക്കല്‍ മാത്രമാണ് പോംവഴിയെന്ന് മൃഗഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ടോമിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് കരുതി അതിന് തയ്യാറായില്ല. എന്നാല്‍ രക്തദാനത്തിന് ടോമി സഹായിച്ചു. ഇതിനെ തുടര്‍ന്ന് ജെറി ജീവിതത്തിലേക്ക് തിരികെ വന്നതായി കുടുംബം പറയുന്നു. ഒന്‍പത് വര്‍ഷം കൂടി ജീവിച്ച ജെറി 2018ല്‍ തങ്ങളെ വിട്ടുപോയതായി കുടുംബം പറയുന്നു.
അടുത്തിടെയാണ് ടോമിയുടെ ആരോഗ്യവും ക്ഷയിച്ചു തുടങ്ങിയത്. ഹരികുമാര്‍ ഉടന്‍ തന്നെ അമേരിക്കയിലുള്ള മകള്‍ ഗ്രീഷ്മയെ വിവരം അറിയിച്ചു. തന്റെ ഓമനയായ ടോമിയുടെ അവസാന നാളുകളില്‍ ശ്രൂശ്രൂഷിക്കാന്‍ വിമാനം കയറി നാട്ടില്‍ എത്തിയതില്‍ ഒരു അസാധാരണത്വവും ഇല്ലെന്ന് ഗ്രീഷ്മ പറഞ്ഞു. ടോമിയ്ക്കൊപ്പം 15 ദിവസം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷവതിയാണ്.
ഇനിയും കുറെനാള്‍ കൂടി തങ്ങള്‍ക്കൊപ്പം ടോമി ഉണ്ടാവണമെന്നാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അസുഖത്തെ തുടര്‍ന്ന് ടോമി വേദന അനുഭവിക്കുന്നത് കാണാന്‍ വയ്യ. ടോമിയെ ദയാവധത്തിന് വിധേയമാക്കുകയായിരുന്നുവെന്ന് ഗ്രീഷ്മ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ടോമി തങ്ങളെ വിട്ടുപോയത്. ബുധനാഴ്ച തിരിച്ചു അമേരിക്കയിലേക്ക് തന്നെ മടങ്ങുമെന്നും ഗ്രീഷ്മ വ്യക്തമാക്കി.