പ്രസവാനന്തരം ഒരു പെണ്ണ് നേരിടുന്നത് ചോദ്യങ്ങളുടെ അസ്ത്രം പോലെ നെഞ്ചില്‍ തുളഞ്ഞ് കയറുന്നവയായിരിക്കും. ‘കുഞ്ഞിന് കൊടുക്കാന്‍ പാലുണ്ടോ… കുപ്പിപ്പാലാണോ കൊടുക്കുന്നത് എന്നു തുടങ്ങി നൂറുകൂട്ടം ചോദ്യങ്ങള്‍.
‘അമ്മാരുടെ മനസുനോവിക്കുന്ന ഇത്തരം ചോദ്യങ്ങളെക്കുറിച്ച് തുറന്നെഴുതുകയാണ് അന്‍സി സി.കെ. പ്രസവിച്ചിട്ടും നന്നായില്ലല്ലോ എന്ന് ചോദിക്കുന്നവരോട് തങ്ങള്‍ പെണ്ണുങ്ങള്‍ സുഖചികിത്സയ്ക്കല്ല പോയതെന്ന് അന്‍സി തുറന്നുപറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
കുഞ്ഞിന് പാലൊന്നും കൊടുക്കുന്നില്ലേ
നെഞ്ച് ഒട്ടി കിടക്കാണല്ലോ, മുലപ്പാല്‍ ഇല്ലായിരിക്കുമല്ലേ, കുപ്പിപാല്‍ കൊടുക്കല്ലേ കഫക്കെട്ട് മാറില്ല,
മുലപാല്‍ കൊടുത്താല്‍ ക്ഷീണിക്കുമെന്നോര്‍ത്താണോ അതോ സൗന്ദര്യം പോകുമെന്നോര്‍ത്താണോ കുഞ്ഞിന് കുപ്പിപാല്‍ കൊടുക്കുന്നെ,
ഒരു കുഞ്ഞ് ആയി എന്നിട്ടും കെട്ടിയോന്റെ പുറകെന്ന് മാറുന്നില്ല,
എപ്പോഴും കരച്ചിലും പിഴിച്ചിലും ആണ് നിനക്ക് വട്ടാണോ.
പെറ്റ് എഴുന്നേറ്റിട്ട് നന്നായിട്ടില്ല
സിസേറിയന്‍ കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴും അവിടെന്ന് അങ്ങോട്ട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് എത്തിയപ്പോഴും കേട്ട് മടുത്ത ചോദ്യങ്ങളാണ്..
ഞാന്‍ ആഗ്രഹിച്ച് മോഹിച്ചു കിട്ടിയ കുഞ്ഞാണ് തനു, അവന്റെ വിശപ്പ് മാറും വിധം എന്റെ മുലകള്‍ ചുരത്തുന്നുണ്ട്, കുപ്പിപാലും കൊടുക്കുന്നുണ്ട് ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരമാണ് കൊടുക്കുന്നത്, തനു പൂര്‍ണ ആരോഗ്യവാനാണ്.
സൗന്ദര്യം പോകുമെന്നോര്‍ത്തോ ക്ഷീണിക്കുമെന്നോര്‍ത്തോ എനിക്കൊരു വേവലാതിയും ഇല്ല,
പിന്നെ വയസ് എനിക്ക് 23 ആയിട്ടേ ഉള്ളു,
ഒരു കുഞ്ഞ് ആയിക്കഴിഞ്ഞാല്‍ ഭര്‍ത്താവിനെ അടുത്തേക്ക് അടുപ്പിക്കരുതെന്നുള്ള പഴമക്കാരുടെ ഉപദേശം ഞാനോ വിഷ്ണു ഏട്ടനോ കേട്ട ഭാവം നടിക്കാറില്ല.
പെറ്റ് എഴുന്നേറ്റിട്ട് നന്നാവാന്‍, ഞാന്‍ സുഖ ചികിത്സക്ക് പോയതല്ലാലോ, മാത്രവുമല്ല എനിക്ക് ഈ എന്നെയാണ് ഇഷ്ട്ടം,
അമ്മയാകുന്നത്തോടെ ഒരു സ്ത്രീ മറ്റൊരു ജീവിത രീതിയിലേക്ക് കാലെടുത്ത് വെക്കുന്നു. ഒന്ന് സ്വസ്ഥമാകാന്‍, ഒന്ന് സമാധാനമായി ഉറങ്ങാന്‍ ഇനിയും എത്ര വര്‍ഷങ്ങള്‍ കഴിയണമെന്നോ….
തനുവിനൊപ്പം ഞാന്‍ വീണ്ടും ബാല്യം കയ്യെത്തി പിടിക്കുകയാണ് അവനൊപ്പം കമിഴ്ന്നും, നീന്തിയും, മുട്ട് കുത്തിയും ഞാന്‍ വീണ്ടും വളരുകയാണ്…..
ഒരു കുഞ്ഞ് ആയിക്കഴിഞ്ഞാല്‍ തനി വീട്ടമ്മ ആയിക്കോളണം, ലിപ്സ്റ്റിക്ക് ഇടരുത്, ജീന്‍സ് ഇടരുത് sleevless ഇടരുത്,അടങ്ങി ഒതുങ്ങി അടുക്കളയ്ക്കും കിടപ്പറക്കും ഉള്ളില്‍ കഴിഞ്ഞോണം, ഇതൊക്കെ ഒരു തരം മുടത്ത് ന്യായങ്ങള്‍ ആണ്
ആരുടെയൊക്കെയോ സ്വര്‍ത്ഥതക്കുവേണ്ടി.
എത്ര പ്രസവിച്ചാലും നിറയെ സന്തോഷങ്ങള്‍ ഉണ്ടാക്കൂ, ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കൂ, ഉറക്കെ ചിരിക്കൂ, കുറച്ച് കൂടുതല്‍ updated ആയ അമ്മയാകൂ….