പേഴ്‌സണല്‍ സ്റ്റാഫ് പാര്‍ട്ടിക്കാര്‍ മതി; എണ്ണം വര്‍ധിപ്പിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: രണ്ടാം ഇടതു മുന്നണി സര്‍ക്കാരില്‍ സി.പി.എം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ല. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമുണ്ടായത്.

സിപിഎം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് പാര്‍ട്ടി നേതാക്കളെ തന്നെ നിയമിക്കാനും തീരുമാനമായി. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെയും പാര്‍ട്ടിയാണ് നിയമിക്കുന്നത്.

മന്ത്രിമാരുടെ നിലവിലെ പേഴ്സണല്‍ സ്റ്റാഫ് അംഗസംഖ്യയായ 25 തന്നെ തുടരാനാണ് തീരുമാനം. ഡെപ്യൂട്ടേഷനില്‍ സ്റ്റാഫുകളിലേക്ക് വരുന്നവരുടെ പരമാവധി പ്രായപരിധി 51 ആക്കി. ഇവര്‍ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിന് മുന്‍പ് വിരമിക്കരുത് എന്ന അടിസ്ഥാനത്തിലാണ് തീരുമാനം.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സംസ്ഥാന സമിതി അംഗവും മുന്‍ രാജ്യഭാ എംപിയുമായ കെ.കെ. രാഗേഷിനെ തീരുമാനിച്ചിരുന്നു. എം.വി ജയരാജന്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പല വിവാദങ്ങളുമുണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് രാഷ്ട്രീയ നിയമനം. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍ തന്നെ തുടരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News