‘പോസ്റ്റ്‌മോർട്ടത്തിനിടെ പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങൾ നോക്കി പരിഹസിക്കാറുണ്ട്’; ലൈവ് ഷോയിലെ വനിതാ ഡോക്ടറുടെ വെളിപ്പെടുത്തൽ വിവാദത്തിൽ; പ്രതിഷേധം കനത്തതോടെ മാപ്പ് പറഞ്ഞ് ഡോക്ടർ

ഗുരുഗ്രാം: സ്റ്റാൻഡ് അപ് കോമഡി ഷോയ്ക്കിടെ പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തിൽ മാപ്പപേക്ഷയുമായി വനിതാ ഡോക്ടർ. മുംബൈ കെഇഎം ആശുപത്രിയിലെ ഡോക്ടറായ സേജൽ പവാറാണ് മെഡിക്കൽ ധാർമ്മികതയ്ക്ക് നിരക്കാത്ത പരാമർശങ്ങൾ നടത്തി കടുത്ത സൈബർ ആക്രമണങ്ങൾക്കും നിയമനടപടി ഭീഷണികൾക്കും ഇരയായത്. പ്രമുഖ സ്റ്റാൻഡ് അപ് കോമേഡിയൻ പ്രണീത് മോറെയുടെ ലൈവ് ഷോയ്ക്കിടെയായിരുന്നു വിവാദ സംഭവം.

ലൈവ് കോമഡി ഷോയ്ക്കിടെ കാണികളിലൊരാളായ സേജലിനോട് കോമേഡിയൻ സംസാരിക്കുമ്പോഴാണ് വിവാദ പരാമർശങ്ങൾ ഉണ്ടായത്. പോസ്റ്റ്‌മോർട്ടം ചെയ്യുന്ന സമയത്ത് പുരുഷന്മാരുടെ ശാരീരിക പ്രത്യേകതകളെയും സ്വകാര്യഭാഗങ്ങളെയും നോക്കി തങ്ങൾ പരിഹസിക്കാറുണ്ടെന്നും, അത്തരം കാര്യങ്ങൾ സുഹൃത്തുക്കളുമായി തമാശ രൂപേണ പങ്കുവെക്കാറുണ്ടെന്നുമായിരുന്നു ഡോക്ടറുടെ തുറന്നുപറച്ചിൽ. ഈ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെ പടർന്നതോടെ ഡോക്ടർക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു.

മരണപ്പെട്ട വ്യക്തികളുടെ ശരീരത്തോട് കാണിക്കേണ്ട കുറഞ്ഞ പക്ഷം മാന്യതയെങ്കിലും കാത്തുസൂക്ഷിക്കണമെന്നും, ഡോക്ടർമാർ പാലിക്കേണ്ട അടിസ്ഥാനപരമായ പ്രൊഫഷണൽ കോഡ് ഇവർ പൂർണ്ണമായും ലംഘിച്ചുവെന്നും മെഡിക്കൽ രംഗത്തുള്ളവർ തന്നെ ചൂണ്ടിക്കാണിച്ചു. വിനോദത്തിന് വേണ്ടി മൃതദേഹങ്ങളെ പരസ്യമായി അപമാനിച്ച ഡോക്ടറുടെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

പ്രതിഷേധം കനത്തതോടെയാണ് ഡോക്ടർ സേജൽ പവാർ വിശദീകരണവുമായി എത്തിയത്. കോമഡി ഷോയിൽ പങ്കെടുത്തപ്പോൾ ഉണ്ടായ ആവേശത്തിൽ ചിന്താശൂന്യമായി സംസാരിച്ചുപോയതാണെന്ന് അവർ വ്യക്തമാക്കി. തന്റെ വാക്കുകൾ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഹൃദയത്തിൽ തട്ടി മാപ്പ് ചോദിക്കുന്നുവെന്നും, ഒരു മെഡിക്കൽ പ്രൊഫഷണൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാണ് താൻ ചെയ്തതെന്നും അവർ സമ്മതിച്ചു. വിനോദത്തിന് വേണ്ടിയാണെങ്കിൽ പോലും തന്റെ ഭാഗത്തുനിന്നുണ്ടായ ഈ പെരുമാറ്റത്തെ ന്യായീകരിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

പ്രണീത് മോറെയുടെ സ്റ്റാൻഡ് അപ് കോമഡി ഷോ വിവാദത്തിലാകുന്നത് ഇതാദ്യമല്ല. ദിവസങ്ങൾക്ക് മുൻപ് ഈ ഷോയിൽ പങ്കെടുത്ത ഒരു 23കാരന്റെ പരാമർശം വലിയ രീതിയിൽ ചർച്ചയായിരുന്നു. ബിരിയാണി വാങ്ങി നൽകിയതിന് പകരമായി തന്നോടൊപ്പം ഡേറ്റിന് വന്ന യുവതിയോട് താൻ ലൈംഗിക പ്രീണനത്തിന് മുതിർന്നുവെന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ. ഈ സംഭവം വിവാദമായതിന് പിന്നാലെ യുവാവിനെ ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും പുറത്താക്കിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് മൃതദേഹങ്ങളെ അധിക്ഷേപിച്ച ഡോക്ടറുടെ പുതിയ വിവാദവും പുറത്തുവരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News