തെരുവുനായ കുറുകെ ചാടി; ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കായലിലേക്ക് മറിഞ്ഞ് ഭാര്യ മരിച്ചു

വൈപ്പിന്‍: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്നു ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് കായലിലേക്ക് മറിഞ്ഞ് ഭാര്യയ്ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി പത്തോടെ ചെറായി രക്തേശ്വരി ബീച്ച് റോഡിലാണ് സംഭവം. കോട്ടപ്പുറം കരുമാല്ലൂര്‍ മാമ്പ്ര തെക്കുംപറമ്പില്‍ ടി.കെ.അബ്ദുള്‍ സലാമിന്റെ ഭാര്യ സബീന(35)യാണ് മരിച്ചത്.

രാത്രി ബീച്ചില്‍ നിന്നു തിരിച്ചുപോകുമ്പാള്‍ ബീച്ച് റോഡിലുള്ള മത്സ്യത്തൊഴിലാളികളുടെ ഷെല്‍ട്ടറിനു കിഴക്ക് വശത്തുവച്ചാണ് നായ കുറുകെ ചാടിയതും കാര്‍ വലതുവശത്തുള്ള കായലില്‍ പതിച്ചതും. രാത്രിയായതിനാല്‍ റോഡ് വിജനമായിരുന്നു. ഇതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി.

സലാം ഒച്ചവച്ചതിനെത്തുടര്‍ന്ന് കായലില്‍ മത്സ്യബന്ധനം നടത്തിയിരുന്ന ചിലരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വിഫലമായി. കായലില്‍ വീണ കാര്‍ 90 ശതമാനവും മുങ്ങിപ്പോയിരുന്നു. ഇതിനിടെ കാറിന്റെ ഡോര്‍ തുറന്ന് ഭര്‍ത്താവ് യുവതിയുമായി പുറത്തുവന്നെങ്കിലും ശക്തമായ ഒഴുക്കും താഴ്ചയുമുള്ള ഭാഗമായതിനാല്‍ ഏറെ നേരം പിടിച്ചു നില്‍ക്കാനായില്ല.

കായലില്‍ മുങ്ങിപ്പോയ ഇരുവരെയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ കരയിലെത്തിച്ചെങ്കിലും സബീന മരിച്ചു. സംഭവമറിഞ്ഞ് മുനമ്പത്തു നിന്ന് എസ്ഐ വി.ബി. റഷീദിന്റെ നേതൃത്വത്തില്‍ പോലീസും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: അമീന, ആസിഫ്, മര്‍വാന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News