KeralaNews

കട്ടപ്പനയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഇടുക്കി: കട്ടപ്പനയില്‍ വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്ന് കട്ടപ്പന ഡിവൈഎസ്പി അറിയിച്ചു.

കോട്ടയം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പരിസരവാസികളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. സംശയമുള്ളവര്‍ പോലീസ് നിരീക്ഷണത്തിലാണ്. ചിലരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് കട്ടപ്പന എസ്എന്‍ ജംഗ്ഷന്‍ കൊച്ചപുരയ്ക്കല്‍ ജോര്‍ജിന്റെ ഭാര്യ ചിന്നമ്മ(63)യെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും ഭര്‍ത്താവും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഭര്‍ത്താവ് ജോര്‍ജ് വീടിന്റെ രണ്ടാം നിലയിലായിരുന്നു ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ താഴത്തെ നിലയില്‍ എത്തിയപ്പോഴാണ് ചിന്നമ്മ കട്ടിലില്‍ നിന്നും വീണ് കിടക്കുന്നത് കണ്ടത്. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

വീട്ടമ്മ അണിഞ്ഞിരുന്ന നാല് പവനോളം സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ വീടിനുള്ളില്‍ നിന്നും മറ്റൊന്നും കവര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. വിരലടയാള വിദഗ്ധരെ ഉള്‍പ്പടെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവ് ശേഖരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button