ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം വെമ്പായത്താണ് ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.

കഴിഞ്ഞ മാസം 30 ന് കാണാതായ വേറ്റിനാട് ചന്തയ്ക്കു സമീപം കുന്നും പുറത്ത് വീട്ടില്‍ പത്മാവതിയുടെ മകള്‍ അനുജ (26)യുടെ മൃതദേഹമാണ് ഇതെന്ന് പോലീസ് പറയുന്നത്.

വീട്ടിനടുത്തുള്ള ഇരുപത് അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഓഗസ്റ്റ് 31 ന് അനുജയെ കാണാനില്ലെന്ന് അമ്മ വട്ടപ്പാറ പോലീസില്‍ പരാതി നല്‍കിയിരുന്നു.

നെടുമങ്ങാട് ‍ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അനുജയെ കണ്ടെത്താൻ ഉളള അന്വേഷണവും നടന്നുവരികയായിരുന്നു.ഇതിനിടയിലാണ് വീടിനടുത്തുള്ള കിണറ്റിൽ ഇന്നലെ വൈകുന്നേരത്തോടെ അനുജയുടെ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് ഇന്ന് രാവിലെ പോലീസും ഫയ‍ർഫോഴ്സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.മൃതദേഹം പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു.ധരിച്ചിരുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണു മൃതദേഹം അനുജയുടേതാണെന്ന് മനസ്സിലാക്കിയത്.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി.പോസ്റ്റുമോർട്ടത്തിന് ശേഷമേ മറ്റ് കാര്യങ്ങൾ പറയാനാകു എന്ന് പോലീസ് വ്യക്തമാക്കി

.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News