തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടവേള നല്‍കി വനിതാ സ്ഥാനാര്‍ത്ഥി കതിര്‍മണ്ഡപത്തില്‍! ഇനിയുള്ള പ്രചാരണം ഒരുമിച്ച്

കോട്ടയം: വാര്‍ഡ് തിരികെ പിടിക്കാനുള്ള കഠിന ശ്രമത്തിനിടെ പ്രചാരണത്തിന് ചെറിയൊരു ഇടവേള നല്‍കി വനിതാ സ്ഥാനാര്‍ത്ഥി കതിര്‍മണ്ഡപത്തിലെത്തി. വൈക്കം മറവന്‍തുരുത്ത് പഞ്ചായത്ത് 15ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലാവണ്യയാണ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ വിവാഹ പന്തലിലെത്തിയത്. വധൂവരന്‍മാര്‍ ഒരുമിച്ചായിരിക്കും ഇനിയുള്ള പ്രചാരണം.

യുഡിഎഫ് പ്രതിനിധീകരിക്കുന്ന പതിനഞ്ചാം വാര്‍ഡ് പിടിച്ചെടുക്കാന്‍ സിപിഐ രംഗത്തിറക്കിയതാണ് എഐവൈഎഫ് പ്രവര്‍ത്തകയായ ലാവണ്യയെ. ഇതിനിടെയാണ് നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹതിയതി എത്തിയത്. സ്ഥാനാര്‍ത്ഥിയായെങ്കിലും വിവാഹം മാറ്റിവെക്കേണ്ടതില്ലെന്ന് ഇരുവരുടെയും വീട്ടുകാര്‍ തീരുമാനിച്ചു.

ഇതോടെ ഒരു ദിവസത്തെ പ്രചാരണം ഒഴിവാക്കി, കുലശേഖരമംഗലം കണ്ണന്തറയില്‍ കമലാസനന്‍-കാഞ്ചന ദമ്പതികളുടെ മകളായ ലാവണ്യയുടെ കഴുത്തില്‍ ചെമ്മനാകരി സ്വദേശി ശരത്ത് താലി ചാര്‍ത്തി. ഇനിയുള്ള പ്രചാരണം ഇരുവരും ഒന്നിച്ചായിരിക്കുമെന്ന് ലാവണ്യ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News