അഹമ്മദാബാദ്: 1200 ബെഡുകളുള്ള കൊവിഡ് ആശുപത്രിക്ക് മുന്നില്‍ നിന്നുകൊണ്ട് 60കാരി സോളങ്കി 30 കാരനായ മകന്‍ മഹേന്ദ്രയെ വീഡിയോ കോള്‍ ചെയ്യുകയാണ്. ”മോനേ എങ്ങിനെയുണ്ട്? അവര് നിനക്ക് ഭക്ഷണം തന്നോ? കൊവിഡില്‍ നിന്നും വേഗം സുഖപ്പെടാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. ഉടന്‍ തിരിച്ചുവരാനാകും.” സ്‌ക്രീനില്‍ കാണുന്ന മകനുമായി അഞ്ചു മിനിറ്റോളമാണ് മാതാവ് സംസാരിച്ചത്.
കൊവിഡ് ബാധിച്ച് ആശുപത്രിയ്ക്ക് ഉള്ളില്‍ കഴിയുന്നവരുമായി സംസാരിക്കുന്ന നൂറുകണക്കിന് ബന്ധുക്കളില്‍ ഒരാളാണ് പൂനവും. ഒരു വ്യത്യാസം, പൂനത്തിന്റെ മകന്‍ ആറു മാസം മുമ്പ് രോഗം വന്നു മരിച്ചു പോയെന്നു മാത്രം. മരിക്കുന്നതിന് തൊട്ടു മുമ്പായി മകനുമായി സംസാരിച്ചപ്പോള്‍ പൂനം റെക്കോഡ് ചെയ്ത വീഡിയോ കോളാണ് വീണ്ടും വീണ്ടും അവര്‍ കണ്ടിരുന്നത്. സെപ്തംബര്‍ 24 നായിരുന്നു ഇവരുടെ മകന്‍ മരണപ്പെട്ടത്.
കൊവിഡ് വരുമ്പോള്‍ രോഗി മാത്രമല്ല അവരുടെ ബന്ധുക്കള്‍ അനുഭവിക്കുന്ന മാനസീകമായ നിലയും ഭീതിപ്പെടുത്തുന്ന അനുഭവമാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടിരിക്കുന്ന ഈ റിപ്പോര്‍ട്ടിലുള്ളത്. കൊവിഡില്‍ മരണം സംഭവിച്ചാല്‍ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിയാതെ മൃതദേഹം അടക്കം ചെയ്യപ്പെടുന്നത് രോഗികളുടെ ഉറ്റവരുടെ മനോനിലയെ ബാധിക്കാറുണ്ടെന്ന് മനശ്ശാസ്ത്ര വിദഗ്ദ്ധരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ബന്ധുക്കള്‍ മരിച്ചിട്ടും അത് സ്വീകരിക്കാതെ അവര്‍ ജീവിച്ചിരിപ്പുണ്ടെന്ന രീതിയിലാണ് ഇവരുടെ പെരുമാറ്റം.
നെറോലില്‍ ഒരു പാല്‍സ്റ്റോര്‍ നടത്തുകയായിരുന്നു സോളങ്കിയുടെ മകന്‍. മരണപ്പെടുന്നതിന് അഞ്ചോ ആറോ ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്‍ ജീവിച്ചിരിപ്പില്ലെന്ന് സോളങ്കിയ്ക്ക് അറിയാമെങ്കിലും ഉള്ളിലെ ദു:ഖം അവര്‍ മറികടക്കുന്നത് ഇങ്ങിനെയാണ്. ഈ രീതിയില്‍ അനേകം ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം ബന്ധുക്കള്‍ സോളങ്കിയെ മകന്‍ അവസാനമായി സംസാരിച്ച ഇടത്തേക്ക് കൊണ്ടുവന്നു. അല്‍പ്പം ക്രൂരമായിരുന്നു എങ്കില്‍ പോലും മകന്‍ മരിച്ചുപോയെന്ന റിയാലിറ്റിയിലേക്ക് സോളങ്കിയെ തിരികെ കൊണ്ടുവരാന്‍ അവര്‍ക്ക് ഇതേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ.
അപ്രതീക്ഷിതമായി ഉണ്ടായ രോഗത്തെയും മരണത്തെയും തുടര്‍ന്ന് ഉറ്റവരുടേയും ഉടയവരുടെയും നഷ്ടം വിശ്വസിക്കാനാകാതെ ഈ രീതിയില്‍ അനേകരാണ് മനശ്ശാസ്ത്ര വിദഗ്ദ്ധരുടെ അരികിലെത്തുന്നത്. അടുത്തിടെ പിതാവ് മരിച്ച ഒരു 18 കാരി സ്വകാര്യ ആശുപത്രിയിലേക്ക് വിളിച്ച് പതിവായി പിതാവിന്റെ രോഗവിവരം ചോദിക്കുമായിരുന്നു. പിതാവ് ഒരു മാസം മുമ്പ് മരിക്കുകയും അന്തിമ ചടങ്ങില്‍ മകള്‍ പങ്കെടുക്കുകയും ചെയ്തതാണ്. എന്നിട്ടും പിതാവിന്റെ പെട്ടെന്നുള്ള നഷ്ടം പൂര്‍ണ്ണമായും വിശ്വസിക്കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞിരുന്നില്ല.
പിതാവിനെ താന്‍ പലയിടത്തും കാണുന്നുണ്ട് എന്നായിരുന്നു അവര്‍ മനശ്ശാസ്ത്രജ്ഞനോട് പറഞ്ഞത്. എന്നാല്‍ തുടര്‍ച്ചയായുള്ള ചികിത്സയ്ക്ക് ശേഷം ഒരു ദിവസം ത്തുമിനിറ്റോളം കരഞ്ഞു. അച്ഛന്‍ മരിച്ച ശേഷം ആദ്യമായിട്ടാണ് അവര്‍ അങ്ങിനെ ചെയ്തത്. ഒടുവില്‍ അച്ഛന്റെ മരണം അംഗീകരിച്ചു.
കൊവിഡ് മരണങ്ങള്‍ സാധാരണത്തേതില്‍ നിന്നും വ്യത്യസ്തമായത് കൊണ്ടാണ് ഈ സ്ഥിതിയെന്ന് മന:ശ്ശാസ്ത്രജ്ഞരും പറയുന്നു. മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി അസ്വാഭാവിക മരണമാണെന്നതും മൃതദേഹം വീട്ടില്‍ കൊണ്ടുപോകാന്‍ കഴിയാത്തതും അന്തിമോപചാരം അര്‍പ്പിക്കാന്‍ കഴിയാത്തതും ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ പലര്‍ക്കും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ പ്രയാസം സൃഷ്ടിക്കുന്നതാണ് ഈ സ്ഥിതിക്ക് കാരണമായി പറയുന്നത്.
മറ്റൊരു സംഭവം ഇങ്ങിനെയായിരുന്നു. കോവിഡ് വന്ന മരിച്ച യുവതിയുടെ ഭര്‍ത്താവായ ബാങ്ക് ഉദ്യോഗസ്ഥന്‍ ഒന്നും സംഭവിക്കാത്ത പോലെ പെരുമാറി. ഭാര്യ ഇടയ്ക്കിടെ പോകുമായിരുന്ന സഹോദരന്റെ വീട്ടില്‍ പോയിരിക്കുകയാണെന്നും ഉടന്‍ തിരിച്ചുവരുമെന്നും ഉള്ള രീതിയിലാണ് അയാള്‍ കാര്യങ്ങള്‍ ചെയ്തത്. ഭാര്യയുടെ വസ്ത്രങ്ങള്‍ കഴുകി മടക്കി വെയ്ക്കുകയും അവര്‍ തിരിച്ചു വരുമ്പോള്‍ എന്തൊക്കെ ചെയ്യണമെന്ന രീതിയിലുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്തുമിരുന്നു.
പിതാവ് പതിയെ തിരിച്ചു വരുമെന്നായിരുന്നു ആദ്യമൊക്കെ മകന്‍ വിചാരിച്ചത്. എന്നാല്‍ അര്‍ദ്ധരാത്രി കഴിഞ്ഞും ഈ പെരുമാറ്റം തുടര്‍ന്നതോടെ മകന്‍ പിതാവിനെ മനശ്ശാസ്ത്ര വിദഗ്ദ്ധന് മുന്നില്‍ എത്തിച്ചു. കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ കിട്ടിയാലും പലര്‍ക്കും ഇതില്‍ നിന്നും പുറത്തു കടക്കാന്‍ ആഴ്ചകളും ദിവസങ്ങളും വേണ്ടി വരുമെന്നും മനശ്ശാസ്ത്ര വിദഗ്ദ്ധര്‍ പറയുന്നു.