തൊടുപുഴയില്‍ ലഹരിക്ക് അടിമയായ സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു

തൊടുപുഴ: തൊടുപുഴ നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ലഹരിക്ക് അടിമയായ സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു . ആക്രമണത്തില്‍ പട്ടാമ്പി കുമരനല്ലൂര്‍ മാവറ വീട്ടില്‍ മോഹനന്‍ നായരുടെ (63) ഇടത് കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പത്തേകാലോടെയാണ് സംഭവം. ആക്രമണം നടത്തിയ സെലീന എന്ന സ്ത്രീക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്നതിനിടെയാണ് മോഹനന്‍ നായര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇവിടെയെത്തിയ സെലീന അസഭ്യം പറഞ്ഞതിനെ മോഹനന്‍ നായര്‍ ചോദ്യം ചെയ്തു. ഉടന്‍ കൈയിലുണ്ടായിരുന്ന ബ്ലേഡിന് സമാനമായ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് സെലീന മോഹനന്‍ നായരുടെ കൈയ്ക്ക് വെട്ടുകയായിരുന്നു. വലിയ മുറിവില്‍ നിന്ന് ഒട്ടേറെ രക്തം നഷ്ടമായി. സമീപത്ത് കടത്തിണ്ണയില്‍ കിടക്കുകയായിരുന്ന രണ്ട് പേരെയും സെലീന ആക്രമിച്ചു. ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ബഹളം കേട്ടെത്തിയവരാണ് സംഭവം പോലീസിനെ അറിയിച്ചത്. പോലീസെത്തി മോഹനനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാക്കി. തുടര്‍ന്ന് ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അക്രമമുണ്ടാക്കിയ സ്ത്രീ കഞ്ചാവിനും മദ്യത്തിനും അടിമയാണെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ മുന്‍പും ആക്രമണം നടത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News