പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്ക് നേരെ അക്രമവും കവര്‍ച്ചയും; പുറത്തേക്ക് ചാടിയ യുവതിക്ക് പരിക്കേറ്റു

മുളന്തുരുത്തി: പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ആക്രമണവും കവര്‍ച്ചയും. അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി. പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുനലൂര്‍ പാസഞ്ചറില്‍ വെച്ചാണ് മുളന്തുരുത്തി സ്വദേശിയായ യുവതിക്ക് നേരെ അതിക്രമമുണ്ടായത്. വീട്ടില്‍ നിന്ന് ജോലിക്കായി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു യുവതി. എട്ടുമണിയോടെ മുളന്തുരുത്തിയില്‍ നിന്ന് പുറപ്പെട്ട് അല്‍പസമയത്തിന് ശേഷമായിരുന്നു ആക്രമണം.

അക്രമിയെ പിടികൂടാനായിട്ടില്ല. പ്രതിക്കായി അന്വേഷണം തുടരുകയാണ്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. സംഭവസമയം കമ്പാര്‍ട്ടുമെന്റില്‍ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ട് വാതിലുകളും അടച്ച ശേഷം അക്രമി യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ അഴിച്ചുവാങ്ങുകയായിരുന്നു.

ഇതിനു പിന്നാലെ ഉപദ്രവിക്കാനുള്ള ശ്രമവും ആരംഭിച്ചതോടെ യുവതി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു.യുവതിയുടെ തലക്കാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. നാട്ടുകാര്‍ ചേര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News