നവജാത ശിശുവിനെ 3.5 ലക്ഷം രൂപക്ക് വില്‍ക്കാന്‍ ശ്രമം; യുവതി അറസ്റ്റില്‍

ന്യൂഡല്‍ഹി: നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. പ്രിയങ്കയെന്ന യുവതിയാണ് മൂന്നര ലക്ഷം രൂപക്ക് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചത്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് അധ്യക്ഷന്‍ പ്രിയാങ്ക് കനൂങ്കോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപറേഷനിലാണ് പ്രിയങ്ക പിടിയിലായത്. രക്ഷപെടുത്തിയ കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലാക്കി.

കുഞ്ഞിനെ ആവശ്യമായ യുവതിയുടെ സഹോദരന്‍ എന്നാണ് പ്രിയാങ്ക് യുവതിയെ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് പ്രിയാങ്കിന്റെ ഔദ്യോഗിക മൊബൈലില്‍ വിളിച്ച യുവതി പെണ്‍കുട്ടിയെ മൂന്നര ലക്ഷം രൂപക്ക് വില്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു. മുന്‍കൂറായി 25000 രൂപ നല്‍കണമെന്ന് അവര്‍ അറിയിച്ചു. ബാക്കി തുക കുട്ടിയെ കൈമാറിയ ശേഷം നല്‍കിയാല്‍ മതിയെന്നാണ് യുവതി പറഞ്ഞത്.

പശ്ചിം വിഹാറിലുള്ള സായി ബാബ ക്ഷേത്രത്തില്‍ എത്താന്‍ യുവതി പ്രിയാങ്കിനോട് ആവശ്യപ്പെട്ടു. പ്രിയങ്ക എന്ന പേരിലുള്ളയാളുടെ ഗൂഗിള്‍ പേ അക്കൗണ്ട് വിവരങ്ങളും കൈമാറി. ഡല്‍ഹി പോലീസ് സംഘത്തിനൊപ്പമാണ് പ്രിയാങ്ക് സ്ഥലത്തെത്തിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News