പ്രായപൂര്‍ത്തിയാകാത്ത മകളെ കാമുകനു കാഴ്ചവച്ചു! യുവതിക്കും കാമുകനും 20 വര്‍ഷം തടവ്

പത്തനംതിട്ട: പതിനൊന്നു വയസുള്ള മകളെ കാമുകനു കാഴ്ചവച്ച അമ്മയ്ക്ക് 20 വര്‍ഷം കഠിനതടവ്. കാമുകനെയും 20 വര്‍ഷം തടവിനു കോടതി ശിക്ഷിച്ചിട്ടുണ്ട്. അമ്മയ്ക്കു മറ്റൊരു മൂന്നു വര്‍ഷം കൂടി തടവും പിഴയും അടക്കമുള്ള ശിക്ഷയാണ് പത്തനംതിട്ട പോക്സോ കോടതി വിധിച്ചത്. പ്രമാടം, ളാക്കൂര്‍ മൂലപറമ്പില്‍ കോളനിയില്‍ അജി (46)യാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പ്രതികള്‍ ഇരുവരുടെയും ആദ്യ വിവാഹ ബന്ധം അവസാനിപ്പിച്ചിരുന്നതിനെത്തുടര്‍ന്നു സ്‌നേഹബന്ധത്തില്‍ കഴിഞ്ഞു വരവേ കുടുംബ വീടിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ മാതാവ് പെണ്‍കുട്ടിയെ ബലമായി കൂട്ടിക്കൊണ്ടുപോകുകയും അജിക്ക് ഉപദ്രവിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഒരേ ദിവസംതന്നെ പലതവണ അജിയില്‍നിന്നു പെണ്‍കുട്ടിക്കു ലൈംഗിക അതിക്രമം ഏല്‍ക്കേണ്ടിവന്നു. സംഭവത്തിനു ദൃസാക്ഷിയാകേണ്ടിവന്ന പെണ്‍കുട്ടിയുടെ സഹോദരനെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തിരുന്നു.

വിചാരണമധ്യേ 20 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകള്‍ തെളിവില്‍ സ്വീകരിക്കുകയും ചെയ്തു. ഒന്നാം പ്രതി അജിയെ 20 വര്‍ഷം കഠിന തടവിനും 75,000 രൂപ പിഴ ഒടുക്കാനുമാണ് ശിക്ഷിച്ചത്. പിഴ അടക്കാതിരുന്നാല്‍ ഏഴ് മാസത്തെ തടവ് അനുഭവിക്കണം. രണ്ടാം പ്രതിക്കു 20 വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. കൂടാതെ ജുവനൈല്‍ ജസ്റ്റീസ് ആക്ട് 75 വകുപ്പും പ്രകാരം മൂന്നു വര്‍ഷത്തെ വെറും തടവും കൂടാതെ പിഴ അയ്ക്കാതിരുന്നാല്‍ രണ്ടു മാസം തടവും കൂടി അനുഭവിക്കണം. രണ്ടാം പ്രതി ശിക്ഷ പ്രത്യേകമായി അനുഭവിക്കണമെന്നു വിധിന്യായത്തില്‍ പ്രത്യേക പരാമര്‍ശമുണ്ട്.

പത്തനംതിട്ട പോക് സോ കോടതി പ്രിന്‍സിപ്പല്‍ ജഡ്ജി ജയകുമാര്‍ ജോണാണ് ശിക്ഷ വിധിച്ചത് . പ്രോസിക്യൂഷനു വേണ്ടി പ്രിന്‍സിപ്പല്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജയ്‌സണ്‍ മാത്യൂസ് ഹാജരായ കേസ് രജിസ്റ്റര്‍ ചെയ്തതു കോന്നി പോലീസാണ്. ഡിവൈഎസ്പി ഡോ.ആര്‍. ജോസാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News