തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗണ്‍ കൂടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന അവലോകന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
വാരാന്ത്യ ലോക്ഡൗണ്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യുന്നുവെന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ അടച്ചിടല്‍ നടത്തുമ്പോള്‍ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ വലിയ തിരക്കുണ്ടാകുന്നുവെന്നാണ് വിമര്‍ശനം.
മാത്രമല്ല, ഓണക്കാലം അടുത്തുവരുന്നതിനാല്‍ വ്യാപാര സ്ഥാപനങ്ങള്‍ ഇനിയും അടഞ്ഞുകിടക്കുന്നത് വിപണിക്ക് കൂടുതല്‍ തിരിച്ചടിയാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ബക്രീദിന് മൂന്ന് ദിവസത്തെ ഇളവ് നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയുന്നുണ്ട്. ഇത് കൂടി പരിഗണിച്ചാകും പുതിയ തീരുമാനം.
ടിപിആര്‍ പത്തിന് മുകളില്‍ നില്‍ക്കുമ്പോഴും സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഇളവ് നല്‍കിയത് ചോദ്യം ചെയ്താണ് ഹര്‍ജി. ബക്രീദ് പ്രമാണിച്ച് അനുവദിച്ച ഇളവുകള്‍ ഇന്ന് അവസാനിക്കുമ്പോഴാണ് കോടതി വിധി വരാന്‍ പോകുന്നത്.