31.1 C
Kottayam
Saturday, May 4, 2024

യാത്രക്കാർക്ക് ആശ്വാസമായി KSRTC, സ്വിഫ്റ്റ് ബസുകളിൽ കർട്ടനിടും

Must read

തിരുവനന്തപുരം:വെയിലില്‍നിന്നു രക്ഷനേടാന്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസുകളില്‍ കര്‍ട്ടന്‍ ഘടിപ്പിച്ചുതുടങ്ങി. ആദ്യഘട്ടത്തില്‍ 75 ബസുകളിലാണ് സ്ഥാപിക്കുക. 151 സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റുകളാണുള്ളത്. ശേഷിക്കുന്നവയിലും ഉടന്‍ കര്‍ട്ടനിടാനാണ് തീരുമാനം.

പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പില്‍ കര്‍ട്ടന്‍ പിടിപ്പിക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചു. പച്ച, നീല, മഞ്ഞ നിറങ്ങളിലുള്ള തുണികളാണ് ഉപയോഗിക്കുന്നത്. സ്വിഫ്റ്റ് ബസുകളുടെ വശങ്ങളില്‍ വലിയ ചില്ലുകളായതിനാല്‍ പകല്‍സമയങ്ങളില്‍ ശക്തമായ വെയിലേറ്റ് യാത്രക്കാര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണിത്‌.

പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ബസില്‍ കര്‍ട്ടന്‍ ഇട്ടിരുന്നു. ഇതു വിജയകരമാണെന്നു കണ്ടതിനെത്തുടര്‍ന്നാണ് വ്യാപിപ്പിക്കുന്നത്. പുതിയ ബസ് ബോഡി കോഡ് പ്രകാരം ബസുകളുടെ വശങ്ങളില്‍ ഷട്ടര്‍ ഉപയോഗിക്കുന്നതിനു വിലക്കുണ്ട്. അതിനാല്‍ പുതിയ ബസുകളെല്ലാം ഗ്ലാസ് ഘടിപ്പിച്ചാണ് വരുന്നത്. സ്വകാര്യ ബസുകാര്‍ കര്‍ട്ടനിട്ടാണ് ഇതിനു പരിഹാരം കാണുന്നത്. ഇതേ രീതിയാണ് കെ.എസ്.ആര്‍.ടി.സി.യും അവലംബിക്കുന്നത്.

കടുത്ത വെയിലും ചൂടും കണക്കിലെടുത്ത് രണ്ടാഴ്ച മുമ്പാണ് കെ.എസ്.ആര്‍.ടി. സ്വിഫ്റ്റ് ബസുകളില്‍ കര്‍ട്ടന്‍ ഇടാന്‍ തീരുമാനിക്കുന്നത്. അസഹ്യമായ ചൂടിനെക്കുറിച്ച് യാത്രക്കാരുടെ പരാതിയും ഉയര്‍ന്നിരുന്നു. ഷട്ടറിനുപകരം സ്വിഫ്റ്റ് ബസുകളില്‍ മുന്നിലേക്കും പിന്നിലേക്കും നീക്കാവുന്ന ചില്ലുകളാണുള്ളത്. പകല്‍സമയത്ത് ഇവയിലൂടെ ശക്തമായ വെയിലാണ് ബസിനുള്ളിലേക്ക് വീഴുന്നത്. ഇതുകാരണം സ്വിഫ്റ്റ് ബസുകളില്‍ യാത്രചെയ്യാന്‍ പലരും വിമുഖത കാട്ടിയ സാഹചര്യത്തിലാണ് നടപടി.

ബസ് ബോഡി കോഡില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ മാറ്റമാണ് കെ.എസ്.ആര്‍.ടി.സി.ക്ക് വിനയായത്. പെട്ടെന്ന് തീപടരാന്‍ സാധ്യതയുള്ള സാമഗ്രികള്‍ ബസ് നിര്‍മാണത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. പഴയരീതിയിലെ ഷട്ടറുകള്‍ ഇപ്പോള്‍ ഉപയോഗിക്കാനാകില്ല. പകരം ഗ്ലാസുകളാണ് നിര്‍ബന്ധമാക്കിയിട്ടുള്ളത്.

വാഹനങ്ങളുടെ ചില്ലുകളില്‍ കൂളിങ് പേപ്പര്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ചിലര്‍ നിര്‍മാണവേളയില്‍ പ്രകാശം 50 ശതമാനം തടയാന്‍ കഴിയുന്ന ടിന്റഡ് ഗ്ലാസുകള്‍ ഉപയോഗിക്കാറുണ്ട്. ചെലവേറുമെന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി. ഇതേക്കുറിച്ച് ചിന്തിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week