മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മയ്ക്ക് വിശ്രമം ഇല്ലെന്ന് റിപ്പോർട്ട്. ടെസ്റ്റ് പരമ്പരയില്‍ ഹിറ്റ്മാന്‍ ടീമിലുണ്ടാകുമെന്നും ഫോമില്ലായ്മയുടെ പേരില്‍ കനത്ത വിമർശനം നേരിടുന്ന ചേതേശ്വർ പൂജാര സ്കാഡില്‍ തുടരും എന്നും ഇന്‍സൈഡ് സ്പോർടിന്‍റെ റിപ്പോർട്ടില്‍ പറയുന്നു. അതേസമയം പരിക്കിന്‍റെ പിടിയിലുള്ള കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യർ, ജസ്പീത് ബുമ്ര എന്നിവരെ പര്യടനത്തിലേക്ക് പരിഗണിക്കില്ല.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശർമ്മയ്ക്ക് വിശ്രമം നല്കുമെന്നും പകരം താല്‍ക്കാലിക നായകന്‍ വരുമെന്നുമായിരുന്നു മുമ്പ് പുറത്തുവന്നിരുന്ന സൂചനകള്‍. എന്നാല്‍ ഇത് തള്ളുകയാണ് ബിസിസിഐ വൃത്തങ്ങള്‍. ‘രോഹിത് ഫിറ്റാണ്, സെലക്ഷന് ലഭ്യമാണ്. രോഹിത്തിന് നല്ല ഇടവേള കിട്ടിക്കഴിഞ്ഞു. അതിനാല്‍ തന്നെ ജോലിഭാരം സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടീമിനെ രോഹിത് നയിക്കും. ഐപിഎല്ലിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും രോഹിത് അധികം റണ്‍സ് കണ്ടെത്തിയില്ല എന്നത് വസ്തുതയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു.
നാഗ്പൂരില്‍ ഓസീസിനെതിരെ സെഞ്ചുറി നേടി. അദേഹം സ്വന്തം ഫിറ്റ്നസിന്‍റെ കാര്യം ശ്രദ്ധിക്കുന്നുണ്ട്. ഫോമിന്‍റെ അടിസ്ഥാനത്തില്‍ രോഹിത് ശർമ്മ വിമർശിക്കപ്പെടുന്നതില്‍ കാര്യമില്ല’ എന്നും ബിസിസിഐ ഉന്നതന്‍ ഇന്‍സൈഡ് സ്പോർടിനോട് പറഞ്ഞു.
വിമർശനം നേരിടുന്ന ചേതേശ്വർ പൂജാരയെ ടീമില്‍ നിലനിർത്തുമെങ്കിലും രഞ്ജി ട്രോഫിയിലെ ഫോം പരിഗണിച്ച് സർഫറാസ് ഖാനെ ടെസ്റ്റ് സ്കാഡിലേക്ക് പരിഗണിക്കാനിടയുണ്ട്. പൂജാര ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താകും എന്ന അഭ്യൂഹം ശക്തമായിരുന്നു. സർഫറാസിന് പുറമെ പേസർ മുകേഷ് കുമാറിന് അവസരം ലഭിക്കാനും സാധ്യത നിലനില്‍ക്കുന്നു.
സീനിയർ പേസർ ഉമേഷ് യാദവിനെ ടെസ്റ്റില്‍ നിലനിർത്തുമോ എന്ന് കണ്ടറിയണം. വിന്‍ഡീസ് പര്യടനത്തിലൂടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന്‍ കിഷന്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കാനിടയുണ്ട്. ഹാർദിക് പാണ്ഡ്യയെ ടെസ്റ്റ് ടീമിലേക്ക് തിരികെ വിളിക്കുന്നത് സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ചർച്ചയാവും.
എന്നാല്‍ ഡിസംബറിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലേ പാണ്ഡ്യ ടെസ്റ്റ് മടങ്ങിവരവിന് സാധ്യതയുള്ളൂ. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കേ വർക്ക് ലോഡ് ക്രമീകരിക്കാന്‍ ശുഭ്മാന്‍ ഗില്ലിന് ട്വന്‍റി 20 പരമ്പരയില്‍ നിന്ന് വിശ്രമം നല്‍കിയേക്കും.