തിരുവനന്തപുരം: കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ വെള്ളിയാഴ്ച വരെ കടലില്‍ പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക. ഇന്നുരാത്രി 11.30 വരെ 3.8 മീറ്റര്‍ ഉയരത്തില്‍ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
യാസ് ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജലനിരപ്പ് ഉയര്‍ന്നതോടെ മൂഴിയാര്‍, മണിയാര്‍, കല്ലാര്‍കുട്ടി, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. നദികളുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രതാ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.