മലപ്പുറം: നിലമ്പൂർ – കൊച്ചുവേളി രാജ്യ റാണി എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിലേക്ക് നീട്ടാൻ തടസ്സം ടെർമിനലുകളുടെ അപര്യാപ്തതയെന്ന് റെയിൽവേ. ട്രെയിൻ തിരുവനന്തപുരം വരെ നീട്ടണമെന്ന് എ അനിൽകുമാർ എംഎൽഎ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായി റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനാണ് ടെർമിനലുകളുടെ കുറവാണ് ട്രയിൻ നീട്ടാൻ തടസം എന്ന് റെയിൽവേ അറിയിച്ചതായി മറുപടി നൽകിയത്.
നിലമ്പൂർ – കൊച്ചുവേളി രാജ്യ റാണി എക്സ്പ്രസ് തിരുവനന്തപുരം സെൻട്രൽ വരെ നീട്ടണമെന്ന് സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടിരുന്നു. സതേൺ റെയിൽവേ ജനറൽ മാനേജർ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയിലും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലമ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന രാജ്യ റാണി എക്സ്പ്രസ് നിലവിൽ കൊച്ചുവേളിയിലാണ് യാത്ര അവസാനിപ്പിക്കുന്നത്. ഈ ട്രെയിൻ സർവീസിനെ പതിവായി ആശ്രയിക്കുന്ന യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ട്രെയിൻ തിരുവനന്തപുരം സെൻട്രലിലേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് നിരവധി തവണ റെയിൽവേക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
നിലവിൽ എല്ലാ ദിവസവും രാത്രിയിൽ നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെയാണ് കൊച്ചുവേളിയിൽ എത്തുന്നത്. ട്രെയിനിലെത്തുന്ന കൂടുതൽ യാത്രക്കാരും തിരുവനന്തപുരം സെൻട്രലിലേക്കുള്ളവരായിരിക്കും. പുലർച്ചെ കൊച്ചുവേളിയിൽ എത്തുന്ന യാത്രക്കാർക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്. ഈ സമയത്ത് കൂടുതൽ പാസഞ്ചർ ട്രെയിനുകൾ കൊച്ചുവേളി വഴി കടന്നുപോകാത്തതും മറ്റു വാഹനങ്ങൾ ലഭിക്കാത്തതുമാണ് യാത്രക്കാരെ പ്രധാനമായും അലട്ടുന്നത്.
സമാനമായ രീതിയിൽ രാത്രിയിൽ കൊച്ചുവേളിയിൽ നിന്ന് ട്രെയിൻ തിരിച്ച് സർവീസ് ആരംഭിക്കുമ്പോൾ ട്രെയിനിൽ കയറാൻ തിരുവനന്തപുരത്തുനിന്ന് കൊച്ചുവേളിയിലേക്ക് എത്തിപ്പെടാനും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്.
കൊവിഡ് കാലത്ത് നിലമ്പൂർ പാതയിലെ ട്രെയിനുകൾ സ്പെഷ്യൽ എക്സ്പ്രസ്സുകൾ ആക്കിയതോടെ ഏർപ്പെടുത്തിയ നിരക്ക് വർധന ഒഴിവാക്കണമെന്നും ട്രെയിനുകളുടെ സമയമാറ്റം പരിഹരിക്കണമെന്നും എപി അനിൽകുമാർ ആവശ്യപ്പെട്ടു. തുവൂർ സ്റ്റേഷനിൽ ക്രോസിങ് സ്റ്റേഷൻ ആകണം, തൂവൂരിലും വാണിയമ്പലത്തും ഫ്ലാറ്റ്ഫോം നീളം കൂട്ടി ഷെൽട്ടറുകൾ സ്ഥാപിക്കണം, തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം നിയമസഭയിൽ സബ്മിഷനിലൂടെ ഉന്നയിച്ചു. ഇക്കാര്യങ്ങൾ റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ മറുപടി നൽകി.