തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും അടച്ചിട്ട സാഹചര്യം ചര്‍ച്ച ചെയ്യാന്‍ എക്‌സൈസ് മന്ത്രി വിളിച്ച യോഗം ഇന്ന്. നികുതി സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ വൈകിട്ടോടെയാണ് യോഗം ചേരുക. വെയര്‍ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയ ബെവ്‌കോയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ബാറുകളും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും തിങ്കഴാഴ്ച മുതല്‍ അടച്ചിട്ടത്.
മന്ത്രിതല ചര്‍ച്ചയില്‍ അനുകൂല നിലപാടുണ്ടായാല്‍ മാത്രമേ മദ്യവില്‍പന പുനരാംരംഭിക്കുകയുള്ളുവെന്നാണ് ബാറുടമകളുടെ നിലപാട്. ലാഭ വിഹിതം നാമമാത്രമായതിനാല്‍ മദ്യം പാഴ്‌സല്‍ വില്‍പന പ്രായോഗികമല്ല. കൊവിഡ് കാലത്ത് വ്യവസായികളെ സഹായിക്കുന്നതിന് പകരം വില വര്‍ധിപ്പിച്ച് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നാണ് ഉടമകള്‍ പറയുന്നത്.
ബെവ്‌കോക്ക് നല്‍കുന്ന അതേ മാര്‍ജിനില്‍ തന്നെ ബാറുകള്‍ക്കും മദ്യം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. കണ്‍സ്യൂമര്‍ ഫെഡിന്റേത് എട്ടില്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയത്.
ബെവ്‌കോയില്‍ നിന്ന് വില്‍പ്പനയ്ക്കായി മദ്യം വാങ്ങുമ്പോള്‍ ഈടാക്കുന്ന വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മദ്യവില്‍പ്പനയിലെ പ്രതിസന്ധി. വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കുമ്പോഴും റീടെയ്ല്‍ വില ഉയര്‍ത്താന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സംസ്ഥാനത്ത് മദ്യവില്‍പനയില്‍ പ്രതിസന്ധിയില്ല.