കൊച്ചി മെട്രോ അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങിയേക്കും; അനുമതി തേടി സര്‍ക്കാരിനെ സമീപിച്ച് കെ.എം.ആര്‍.എല്‍

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് അടുത്ത ആഴ്ച്ച മുതല്‍ പുനരാരംഭിച്ചേക്കും. സര്‍വീസ് നടത്തുന്നതിന് കെഎംആര്‍എല്‍ സര്‍ക്കാരിനോട് അനുമതി തേടി. കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് കൊച്ചി മെട്രോ സര്‍വ്വീസ് നിര്‍ത്തിവെച്ചത്. മെട്രോ സ്റ്റേഷനുകള്‍ തുറന്ന് ശുചീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

നിലവില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്ന് ബസ്- ടാക്സി സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ മെട്രോ ട്രെയിന്‍ സര്‍വീസിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. രാജ്യത്തെ മറ്റിടങ്ങളില്‍ മെട്രോ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ സര്‍വീസിന് അനുമതി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് കെഎംആര്‍എല്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടായേക്കും. യാത്രക്കാരില്ലെങ്കിലും നിലവില്‍ ട്രെയിനുകള്‍ ഒരു ദിവസം എങ്കിലും ഓടിക്കുന്നുണ്ട്. ജീവനക്കാരും എത്തുന്നുണ്ട്. സര്‍വീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായുള്ള ജോലികളും പൂര്‍ത്തിയായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിയ്ക്കും മെട്രോ സര്‍വീസുകള്‍ നടത്തുക. സാമൂഹിക അകലം ഉറപ്പാക്കും. ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമാവും ഇരുന്ന് യാത്ര ചെയ്യാന്‍ അനുമതി. നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.

ശരീര ഊഷ്മാവ് പരിശോധിച്ചശേഷം മാത്രമേ യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കുകയൊള്ളൂ. രോഗലക്ഷണങ്ങള്‍ കാണുന്നവരെ ട്രെയിനില്‍ നിന്ന് മാറ്റും. ഇവരെ എത്രയും വേഗത്തില്‍ കൊവിഡ് സെന്ററിലേക്ക് മാറ്റാനുള്ള നടപടികളും സ്വീകരിക്കും ട്രെയിനുകള്‍ ഓരോ യാത്രയ്ക്ക് ശേഷവും അണു വിമുക്തമാക്കും. ക്യത്യമായ സമയങ്ങളില്‍ സ്റ്റേഷനുകളും ശുചീകരിയ്ക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News