കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകുമെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കേന്ദ്ര ഏജന്‍സികളുടെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി ഉത്തരം നല്‍കും. ഔദ്യോഗികമായി ഇഡിയുടെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളെ കാണുമെന്നും സ്വപ്ന പറഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിച്ചത് എന്തിനെന്ന് വ്യക്തമല്ല. നേരത്തെയുള്ള കേസിന്റെ ഭാഗമാണോ അതോ പുതിയ വെളിപ്പെടുത്തലാണോ കാരണമെന്ന് അറിയില്ല. മാധ്യമങ്ങളിലൂടെയാണ് മൊഴിയെടുക്കും എന്ന വിവരം അറിഞ്ഞത്. താന്‍ തെറ്റായ ഒന്നും പറഞ്ഞിട്ടില്ല. ശിവശങ്കറിനെയും പുസ്തകത്തെ കുറിച്ചുമാണ് ചോദിക്കുന്നതെങ്കില്‍ അറിയുന്നത് എല്ലാം പറയും.
ഏത് ഏജന്‍സി ചോദിച്ചാലും സത്യം പറയും. അന്വേഷണ ഏജന്‍സിയോട് പൂര്‍ണമായും സഹകരിക്കും. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു. ശിവശങ്കറിന്റെ പുസ്തകത്തെ കുറിച്ച് പറയാന്‍ വേണ്ടിയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. പറഞ്ഞത് സത്യമായ കാര്യങ്ങള്‍ ആണെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണ്ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയത്. നാളെയാണ് സ്വപ്നയുടെ മൊഴി അന്വേഷണ ഏജന്‍സി രേഖപ്പെടുത്തുക. കസ്റ്റഡിയിലിരിക്കെ ശബ്ദ സന്ദേശം പുറത്തുവിട്ടത് എം ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് സ്വപ്ന അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് പറയുന്നതായിരുന്നു സ്വപ്നയുടെ ശബ്ദ സന്ദേശം. ഇക്കാര്യത്തില്‍ മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കാനാണ് ഇഡിയുടെ നീക്കം.