വോട്ട് തേടി മടങ്ങിയ സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിന് മുന്നില്‍ കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വോട്ട് തേടി മടങ്ങിയ സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിന് മുന്നില്‍ കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂന്നാര്‍: തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വാഹനം നല്ലതണ്ണി കല്ലാറിന് സമീപം കാട്ടാനയ്ക്കു മുന്‍പില്‍പ്പെട്ടു. ജീപ്പിലുണ്ടായിരുന്ന സ്ഥാനാര്‍ത്ഥിയടക്കമുള്ള യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. ജില്ലാ പഞ്ചായത്ത് മൂന്നാര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി സി. നെല്‍സണും സംഘവും സഞ്ചരിച്ചിരുന്ന ജീപ്പാണ് ഒറ്റക്കൊമ്പന്റെ മുന്‍പില്‍പ്പെട്ടത്.

സ്ഥാനാര്‍ഥിയുള്‍പ്പെടെ നാലുപേരാണ് ജീപ്പിലുണ്ടായിരുന്നത്. ഒറ്റയാനെ കണ്ടതോടെ ഇവര്‍ ജീപ്പ് നിര്‍ത്തി. ആന മുന്നോട്ട് നീങ്ങിയതോടെ വാഹനം പിന്നോട്ടെടുത്തു. വീതി കുറഞ്ഞ റോഡിലൂടെ ഏറെ പ്രയാസപ്പെട്ടാണ് ജീപ്പ് പിന്നോട്ടെടുത്തത്. ആനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ അര കിലോമീറ്ററോളം പിന്നോട്ട് പോകേണ്ടിവന്നു.

ഈ മേഖലയില്‍ കാട്ടാനയാക്രമണം രൂക്ഷമാണ്. ആക്രമണം തടയുന്നതിനായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഒറ്റക്കൊമ്പന്‍ ദിവസങ്ങളായി നല്ലതണ്ണി കല്ലാര്‍ ഭാഗത്തുണ്ട്. വെള്ളിയാഴ്ച പ്രദേശത്തെ പഞ്ചായത്ത് മാലിന്യസംസ്‌കരണകേന്ദ്രത്തിലെത്തിയ കാട്ടാന കെട്ടിടത്തിന്റെ ചുറ്റുമതില്‍ തകര്‍ത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News