പട്ന: ബിഹാറിന്റെയും ആർജെഡിയുടെയും രാഷ്ട്രീയ മുഖം മാറുന്നു. രണ്ട് പതിറ്റാണ്ടായി കൈവശം വെച്ചിരുന്ന 10 സർക്കുലർ റോഡ് ബംഗ്ലാവ് വിട്ട് പുതിയ വീട്ടിലേക്ക് മാറി ലാലു പ്രസാദ് യാദവും കുടുംബവും. ഒരു കാലത്ത് ബിഹാറിലെ ഏറ്റവും തിരക്കേറിയ രാഷ്ട്രീയ ഇടങ്ങളുടെ പ്രതീകമായിരുന്ന രാഷ്ട്രീയ ജനതാദൾ (ആർജെഡി) അധ്യക്ഷൻ ലാലുന്റെ വീട് ഇനി നിയന്ത്രണങ്ങളുടെയും തിരക്കൊഴിഞ്ഞ അന്തരീക്ഷത്തിന്റെയും രൂപത്തിലേക്ക് മാറുന്നുവെന്നാണ് റിപ്പോർട്ട്.
ലാലുവിന്റെ വീട് മാറ്റം അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലും പാർട്ടിയുടെ പ്രവർത്തനത്തിലും വലിയൊരു മാറ്റത്തിന്റെ സൂചന നൽകുന്നുവെന്ന് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നു. ദശാബ്ദങ്ങളോളം ലാലുവിന്റെ വീടുകൾ ഒരു തുറന്ന രാഷ്ട്രീയ കോടതി പോലെയാണ് പ്രവർത്തിച്ചിരുന്നത്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന 1, ആനി മാർഗിലെ വസതി മുതൽ 10, സർക്കുലർ റോഡിലെ വീട് വരെ പാർട്ടി പ്രവർത്തകർക്കും മന്ത്രിമാർക്കും മാധ്യമപ്രവർത്തകർക്കും ഗ്രാമീണർക്കും ആർക്കും നിയന്ത്രണങ്ങളില്ലാതെ പ്രവേശനം ലഭിച്ചിരുന്ന ഇടമായിരുന്നു.
ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊതുജന പരാതി പരിഹാര കേന്ദ്രം പോലെയായിരുന്നു 1, ആനി മാർഗിലെ വസതി. ബിഹാറിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എല്ലാ ദിവസവും പരാതികളുമായി ഒഴുകിയെത്തിയിരുന്നു. മന്ത്രിമാർ അനുമതിയില്ലാതെ വസതിയിലെത്തി ലാലുവിനെ കണ്ടിരുന്നു. അതിരാവിലെ മുതൽ മാധ്യമപ്രവർത്തകരും വസതിക്ക് മുന്നിൽ നിലയുറപ്പിച്ചിരുന്നു. റാബ്രി ദേവി മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ ഇതുവരെയും താമസിച്ചിരുന്ന 10, സർക്കുലർ റോഡിലെ വീടും ലാലു പ്രസാദ് കുടുംബത്തിൻ്റെ സ്ഥിരം രാഷ്ട്രീയ കേന്ദ്രമായിരുന്നു. ഗേറ്റുകൾ രാവും പകലുമെന്നില്ലാതെ തുറന്നുകിടന്നു. അനുയായികൾ നിയന്ത്രണങ്ങളില്ലാതെ അകത്തേക്ക് കടന്നുവന്നിരുന്നു. എന്നാൽ, ആ നീണ്ട ഘട്ടം അവസാനിക്കുകയാണെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. പുതിയ വീട്ടിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മുൻകൂട്ടി നിശ്ചയിക്കാത്ത കൂടിക്കാഴ്ചകൾ ഒഴിവാക്കാനാണ് തീരുമാനം. സന്ദർശകരെ പരിശോധനകൾക്ക് ശേഷം മാത്രമായിരിക്കും ഉള്ളിലേക്ക് പ്രവേശിപ്പിക്കുക. പാർട്ടി പ്രവർത്തകർക്ക് പോലും മുൻകൂർ അനുമതി ആവശ്യമാണ്. സമാധാനവും വിശ്രമവും ഉറപ്പാക്കുന്ന തരത്തിലാണ് വീടിന്റെ അന്തരീക്ഷം ക്രമീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ ചർച്ചകൾ എണ്ണത്തിലും സമയത്തിലും പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അധികാര കൈമാറ്റത്തിന്റെ സൂചനകൂടിയായാണ് ഈ മാറ്റം വിലയിരുത്തപ്പെടുന്നത്. സംഘടനാപരമായ ജോലികളും സഖ്യ ചർച്ചകളും രാഷ്ട്രീയ യോഗങ്ങളും ഇപ്പോൾ കൈകാര്യം ചെയ്യുന്നത് ലാലു പ്രസാദിന്റെ മകനും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവാണ്. ലാലു പാർട്ടിയുടെ വൈകാരികവും പ്രത്യയശാസ്ത്രപരവുമായ നങ്കൂരമായി തുടരുമ്പോഴും ദൈനംദിന പ്രവർത്തനങ്ങൾ ഇപ്പോൾ തേജസ്വിയുടെ കൈകളിലാണ്.


